അടിമാലി: വിദേശത്തു ജോലി വാഗ്ദാനം ചെയ്തു നിരവധിപ്പേരിൽനിന്നു പണം തട്ടിയെടുത്ത സംഘത്തിലെ ഒരാളെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. പാലാ മനയ്ക്കൽ ജോണ് പോൾ(35) ആണ് പോലീസിന്റെ പിടിയിലായത്. ചെന്നൈയിൽ കരിയർ ഗൈഡൻസ് സ്ഥാപനം നടത്തിയിരുന്ന ജോണ് വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നു പണം തട്ടിയെന്നാണു കേസ്.
തമിഴ്നാട്ടിൽ ഇയാൾ വിനോദ് കുമാർ എന്നാണ് അറിയപ്പെട്ടിരുന്നത്.കേരളത്തിൽ പാലായിലും ഇയാൾക്കു സ്ഥാപനം ഉണ്ടായിരുന്നു. പത്രമാധ്യമങ്ങളിൽ പരസ്യം നൽകിയായിരുന്നു ഇടപാടുകൾ. ഒരു വർഷം മുൻപ് പലരിൽനിന്നും പണം വാങ്ങിയാണ് ജോണ് തമിഴ്നാട്ടിൽനിന്നു മുങ്ങിയെന്നു പോലീസ് പറയുന്നു. മൂന്നാറിനു സമീപം ചിത്തിപുരത്തു ബന്ധുവീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെ ജോണ് ബന്ധുവായ യുവതിക്കൊപ്പം അടിമാലി ടൗണിൽ എത്തി. ഇതിനിടെ തട്ടിപ്പിന് ഇരയായിരുന്ന കൂന്പൻപാറ മണലിപറന്പിൽ ജിബിൻ ബാബു ജോണിനെ കാണാനിടയായി. ബാബു നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടി അടിമാലി പോലീസിനു കൈമാറുകയായിരുന്നു.
ഒരു വർഷം മുൻപ് കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള 35 ഓളം പേരിൽനിന്ന് അൻപതിനായിരം രൂപ വീതം തമിഴ്നാട്ടിലെ സ്ഥാപനത്തിൽ വച്ച് തട്ടിയെടുത്തതായും കേസുണ്ട്. സംഭവമറിഞ്ഞ് പെരുന്പാവൂർ സ്വദേശികളും അടിമാലിയിൽ എത്തി.
ജോണിനെ തിരിച്ചറിഞ്ഞതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അടിമാലി എസ്.ഐ.അബ്ദുൾ സത്താറിന്റെ നേതൃത്വത്തിൽ ജോണിനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.