കെഎസ്ആര്‍ടിസി ബസിനെ ചങ്ക് എന്ന് വിശേഷിപ്പിച്ച് ഒരു പെണ്‍കുട്ടി രംഗത്തെത്തിയതും പെണ്‍കുട്ടിയുടെ ആത്മാര്‍ത്ഥത പരിഗണിച്ച് ഒരു ബസിന് ചങ്ക് എന്ന് പേര് കൊടുത്തതും ഏറെ കൗതുകമുണര്‍ത്തിയ വാര്‍ത്തയാണ്. നഷ്ടത്തിലാണ്, സംസ്ഥാനത്തിന് ഭാരമാണ് എന്നൊക്കെ വിവിധ കോണുകളില്‍ നിന്ന് പരാതി ഉയരുമ്പോഴും കെഎസ്ആര്‍ടിസി എന്നാല്‍ മലയാളികള്‍ക്ക് ഒരു വികാരമാണെന്ന് പല സംഭവങ്ങളിലൂടെയും തെളിഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ കെഎസ്ആര്‍ടിസി ഒരു പെണ്‍കുട്ടിയ്ക്ക് സംരക്ഷകനായി മാറിയ മറ്റൊരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നു.
ആതിര ജയന് എന്ന യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സ്വന്തം അനുഭവമാണ് ഇപ്പോള്‍ കേരളത്തിലെങ്ങും ചര്‍ച്ചയായിരിക്കുന്നത്. ഒരു സാധാരണ യാത്രക്കാരിക്കു വേണ്ടി ബസ് കാത്തുകിടന്നതാണ് വാര്‍ത്ത. സംഭവമിങ്ങനെ…പുലര്‍ച്ചെ ഒന്നരയ്ക്ക് വിജനമായ സ്ഥലത്ത് ഇറങ്ങേണ്ടി വന്ന പെണ്‍കുട്ടിയുടെ സഹോദരന് വരുന്നത് വരെ ഒരു കെഎസ്ആര്‍ടിസി ബസും യാത്രക്കാരും അവള്‍ക്ക് കൂട്ടായി നിലയുറപ്പിച്ചു. ഒടുവില്‍ സഹോദരന് എത്തിയ ശേഷമാണ് ബസ് യാത്രതുടര്‍ന്നത്. പെണ്‍കുട്ടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
പുലര്‍ച്ചെ കൊല്ലം ചവറ ശങ്കരമംഗലത്തെ സ്റ്റോപ്പിലിറങ്ങിയ യാത്രക്കാരിയെ കൂട്ടിക്കൊണ്ടുപോകാന്‍ സഹോദരന് എത്തുന്നതുവരെയാണു കണ്ടക്ടര്‍ പി.ബി. ഷൈജുവും ഡ്രൈവര്‍ കെ. ഗോപകുമാറും മറ്റു യാത്രക്കാരും ഏഴു മിനിട്ടോളം കൂട്ടുനിന്നത്. കോയമ്പത്തൂരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള സൂപ്പര്‍ ഫാസ്റ്റില്‍, ജോലിസ്ഥലമായ അങ്കമാലി അത്താണിയില്‍നിന്നു രാത്രി 9.30നു ബസില്‍ കയറിയതായിരുന്നു യുവതി. ഇരുചക്രവാഹനത്തിലെത്തേണ്ട സഹോദരന് മഴ കാരണം വൈകിയതിനാലാണു സ്റ്റോപ്പിലിറങ്ങിയപ്പോള്‍ കാത്തിരിക്കേണ്ടിവന്നത്.
ആതിര ജയന് എന്ന പേരില്‍ പെണ്‍കുട്ടി തന്നെയെഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ജീവനക്കാരായ ഷൈജുവിനെയും ഗോപകുമാറിനെയും തേടി അഭിനന്ദനങ്ങളുടെ പ്രവാഹമായി. തിരുവനന്തപുരം ജില്ലാ ട്രാന്‍സ്പോര്‍ട് ഓഫിസറും ഉന്നത ഉദ്യോഗസ്ഥരും ഫോണില്‍ അഭിനന്ദനമറിയിച്ചു. കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ.തച്ചങ്കരിയും ഇരുവര്‍ക്കും അഭിനന്ദനക്കുറിപ്പു നല്കി.