തിരുവനന്തപുരം: ആദ്യപാദത്തിൽ തന്നെ തിമിർത്തു പെയ്ത് തെക്കുപടിഞ്ഞാറൻ കാലവർഷം കരുത്തു കാട്ടിയപ്പോൾ, ഞായറാഴ്ചവരെ സംസ്ഥാനത്തിനു കിട്ടിയത് 240.8 മില്ലീമീറ്റർ മഴ. 192.2 മില്ലീമീറ്റർ പെയ്യേണ്ട സ്ഥാനത്താണ് ഈ അധികപ്പെയ്ത്ത്.
മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായ ജില്ലകളിലൊന്നായ ഇടുക്കിയിൽ ഞായറാഴ്ചവരെ പെയ്തത് 227.07 മില്ലീമീറ്റർ മഴയാണ്. പെയ്യേണ്ടിയിരുന്ന മഴയുടെ 24.76 ശതമാനം അധികമാണിത്. കണ്ണൂരിൽ 220.3 മില്ലീമീറ്റർ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 343.89 മില്ലീമീറ്ററാണ്. തൃശൂർ ജില്ലയിലാണ് ഏറ്റവും കുറച്ച് മഴ പെയ്തത്. 215.2 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 196.61 മില്ലീമീറ്ററാണ്.
ജൂണ്‍ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന കാലവർഷക്കാലത്ത് 2039.7 മില്ലീമീറ്റർ മഴയാണ് കേരളത്തിനു കിട്ടേണ്ടത്. എന്നാൽ കഴിഞ്ഞ വർഷം കിട്ടിയത് 1855.9 മില്ലീമീറ്റർ മാത്രമാണ്. കഴിഞ്ഞ വർഷം കാലവർഷ മഴയിൽ കുറവു രേഖപ്പെടുത്തിയ സംസ്ഥാനത്തിന് ഇക്കുറി കാലവർഷത്തിൽ നിന്നും അധിക മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ.