രാത്രിയില്‍ നടന്നു പോകുമ്പോള്‍ കിണറ്റില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ കൂടെ ചാടിയ കൗമാരക്കാരനെ പിറ്റേന്ന് രാവിലെ രക്ഷപ്പെടുത്തി. വീണു മരിച്ച കൂട്ടുകാരനുമായി കിണറ്റിനകത്ത് കഴിയേണ്ടി വന്നത് ഒരു രാത്രി മുഴുവനും ആയിരുന്നു. പുലര്‍ച്ചെ കിണറിന് സമീപമെത്തിയ നാട്ടുകാര്‍ നിലവിളി കേട്ടാണ് പ്ളസ് ടൂവിന് പഠിക്കുന്ന വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തിയത്.
പിന്നീട് ഇയാള്‍ നല്കിയ വിവരം വെച്ച് കൂട്ടുകാരന്റെ മൃതദേഹം അഗ്നിശമനസേനാ വിഭാഗം കണ്ടെത്തി. എളങ്കൂര്‍ ചെറാംകുത്ത് പടിഞ്ഞാറേ കളത്തില വേലുക്കുട്ടിയുടെ മകന് രാഹുലാണ് സംഭവത്തില്‍ മരണമടഞ്ഞത്. അരുണാണ് കൂട്ടുകാരനെ രക്ഷപ്പെടുത്താന്‍ കഴിയാതെ മൃതദേഹവുമായി കിണറ്റില്‍ 12 മണിക്കൂറിലധികം ചെലവഴിച്ചത്.
ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയായിരുന്നു. ഇരുവരും നടന്നു വരുമ്പോള്‍ അടങ്ങുംപുറം ക്ഷേത്രപരിസരത്തുളള ആള്‍മറയില്ലാത്ത കിണറ്റില്‍ രാഹുല്‍ അബദ്ധത്തില്‍ വീണുപോകുകയായിരുന്നു. ഉടന്‍ രക്ഷിക്കാനായി അരുണ്‍ കിണറ്റിലേക്ക് ചാടിയെങ്കിലും രാഹുലിനെ രക്ഷിക്കാനായില്ല.