മുംബൈ: ഇന്റര്‍ കോണ്ടിനെന്റല് ഫുട്ബോള്‍ കിരീടം ഇന്ത്യക്ക്. ഇന്ത്യന്‍ കുപ്പായത്തില്‍ നൂറു മത്സരം കടന്നു പോരാടുന്ന ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇന്നലെ രാത്രിയില്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത രാത്രിയാണ് സമ്മാനിച്ചത്. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ കെനിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. രണ്ടും പിറന്നതു ഛേത്രിയുടെ ബൂട്ടില്‍ നിന്ന്. ടൂർണമെന്റിൽ എട്ട് ഗോളുമായി ഛേത്രി ടോപ് സ്കോററായി.
ഇതോടെ ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന, നിലവില്‍ കളിക്കുന്ന, താരങ്ങളുടെ പട്ടികയില്‍ ഛേത്രിയും ഇടംപിടിച്ചു. അര്‍ജന്റീനയുടെ ലയണല്‍ മെസിക്കൊപ്പമാണു ഛേത്രി എത്തിയത്. 64 ഗോളുകളാണ് നിലവില്‍ ഛേത്രിയുടെ അക്കൗണ്ടിലുള്ളത്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലുള്ള 81 ഗോളുകളാണ് ഛേത്രിക്കു മുന്നിലുള്ളത്.
നായകനൊപ്പം ഒരു സ്ട്രൈക്കറുടെയും ചുമതലയും പ്രകടമാക്കി സ്റ്റേഡിയം നിറഞ്ഞുള്ള കളിയായിരുന്നു ഛേത്രി പുറത്തെടുത്തത്. മികച്ച ഫോമില്‍ കളം നിറഞ്ഞുകളിച്ച താരം എട്ടാം മിനിറ്റില്‍ ഇന്ത്യ മുന്നിലെത്തി. 29-ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നതോടെ മുംബൈ അന്ധേരിയിലെ സ്റ്റേഡിയം ആര്‍പ്പുവിളികളില്‍ മുങ്ങി.