ചേർത്തല: ഗ്രാമസഭ ചേരുന്പോഴുണ്ടായ വാക്കേറ്റത്തിൽ യുവാവിനെയും ഭാര്യയേയും സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി. ദന്പതികളെ പരിക്കേറ്റ നിലയിൽ ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലക്ഷ്മികരി ജയകുമാർ(34) ഭാര്യ ഷീജ(32) എന്നിവർക്കാണ് മർദനമേറ്റത്.
തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡ് ഗ്രാമസഭയ്ക്കിടെയാണ് സംഭവം. ലക്ഷ്മികരിയിലെ റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് ആക്ഷേപമുന്നയിച്ച ജയകുമാറിനെ സിപിഎം പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. തടയാനെത്തിയ ഭാര്യ ഷീജയെയും മർദിച്ചു. അക്രമികളെ ഭയന്ന് ഓടിയ ജയകുമാറിനെ പലകക്കഷ്ണം ഉപയോഗിച്ച് അടിച്ചു.
തുടർന്ന് അക്രമികൾ പഞ്ചായത്ത് ഓഫീസിലെ സാമഗ്രികളും അടിച്ചുതകർത്തു. അതേസമയം തണ്ണീർമുക്കം പഞ്ചായത്ത് ഓഫീസിൽ നടന്ന ഗ്രാമസഭയിൽ എത്തിയ ദന്പതികളെ മർദ്ദിച്ചെന്നവാർത്ത അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജ്യോതിസ് പറഞ്ഞു.
മദ്യപിച്ച് എത്തിയ ജയകുമാർ വനിതാ പഞ്ചായത്ത് അംഗത്തെയും കോ ഒാർഡിനേറ്ററെയും ആക്രമിക്കുകയായിരുന്നു. റോഡിനായി അനുവദിച്ച ഫണ്ടിനെചൊല്ലിയായിരുന്നു ആക്രമണം. പഞ്ചായത്തിലെ ഉപകരണങ്ങളും കസേരകളും അടിച്ചുതകർത്തു. സംഭവത്തിൽ തണ്ണീർമുക്കം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിക്കുകയും അടിയന്തരകമ്മിറ്റി കൂടുവാനും തീരുമാനിച്ചു.