ഇണക്കങ്ങളും പിണക്കങ്ങളും സിനിമാക്കാരുടെയിടയില്‍ പതിവാണ്. ഒരവസരത്തില്‍ ഉണ്ടാകുന്ന പരിഭവമോ പിണക്കമോ കുറച്ചുനാളുകള്‍ കഴിയുമ്പോള്‍, മറ്റൊരു സാഹചചര്യമോ സന്ദര്‍ഭമോ വരുമ്പോള്‍ ഒഴിവായി പോകും. ഇത്തരത്തില്‍ സംവിധായകന്‍ മേജര്‍ രവിയും യുവനടന്‍ ഉണ്ണി മുകുന്ദനും തമ്മിലുണ്ടായിരുന്ന ഒരു പിണക്കം അലിഞ്ഞില്ലാതായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചതിന്റെ ത്രില്ലിലാണ് ഇപ്പോള്‍ സിനിമാലോകം. സംഭവമിങ്ങനെ…
സംവിധായകനും നടനുമായ മേജര്‍ രവിയുടെ അറുപതാം പിറന്നാള്‍ ആഘോഷമായിരുന്നു, ഞായറാഴ്ച ലുലു മാരിയറ്റ് ഹോട്ടലില്‍ വച്ച്. ജനാര്‍ദ്ദനന്‍, മമ്മൂട്ടി, ലാല്‍, ആസിഫ് അലി, ജയസൂര്യ, ടൊവീനോ തോമസ്, നീരജ് മാധവ്, ബാലു വര്‍ഗീസ് എന്നിങ്ങനെ മലയാളത്തിലെ സിനിമാതാരങ്ങളും ചടങ്ങളില്‍ പങ്കെടുത്തു. എന്നാല്‍ അക്കൂട്ടത്തിലേയ്ക്ക് നടന്‍ ഉണ്ണി മുകുന്ദന്‍ കടന്നുവന്നത്, മേജര്‍ രവിയെയും ഒപ്പം ചടങ്ങിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും ഞെട്ടിച്ചു. ഉണ്ണി മുകുന്ദന്റെ അപ്രതീക്ഷിത കടന്നുവരവ് എല്ലാവരെയും ഞെട്ടിക്കാനുള്ള ഒരു കാരണമുണ്ട്.
ജോഷി സംവിധാനം ചെയ്ത ‘സലാം കാശ്മീര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. മേജര്‍ രവിയെ ഉണ്ണി മുകുന്ദന്‍ തല്ലിയതായും വാര്‍ത്തകളുണ്ടായിരുന്നു. ചിത്രീകരണം കാണാനെത്തിയ ഉണ്ണി മുകുന്ദനെ മേജര്‍ രവി കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ജോഷിയെ സംഘട്ടനരംഗങ്ങളില്‍ സഹായിക്കാനാണ് മേജര്‍ രവി സെറ്റിലെത്തിയത്.
എന്നാല്‍ പിന്നീട് ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ ഇരുവരും തയാറായിരുന്നുമില്ല. ഉണ്ണി മുകുന്ദനോട് പരിഭവമില്ലെന്നും തന്റെ മകന്റെ പ്രായം മാത്രമാണ് അയാള്‍ക്കുള്ളതെന്നും മാത്രമാണ് മേജര്‍ രവി സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.
ഏതായാലും സപ്തതി ആഘോഷവേളയിലെ ഉണ്ണി മുകുന്ദന്റെ അപ്രതീക്ഷിത കടന്നുവരവ് ഇരുവരുടെയും പിണക്കവും പരിഭവവുമെല്ലാം മായിക്കാനുതകുന്നതാണെന്നാണ് മേജര്‍ രവി തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കുന്ന സൂചന. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റില്‍ ഉണ്ണി മുകുന്ദനോട് പ്രത്യേക നന്ദിയും മേജര്‍ രവി രേഖപ്പെടുത്തിയിട്ടുണ്ട്. ഉണ്ണിയുടെ സന്ദര്‍ശനം തന്നെ അത്ഭുതപ്പെടുത്തിയെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തിരുന്നു.