കോഴിക്കോട്: വാഹനാപകടം കുറയ്ക്കാൻ ബോധവത്കരണവും ക്ലാസുമായി ട്രോഫിക് പോലീസും ട്രോമ കെയറും നെട്ടോടമോടുന്പോഴും നഗരത്തിലെ അപകടനിരക്ക് കുത്തനെ മുകളിലേക്കുതന്നെ!.. കഴിഞ്ഞ ഒരു മാസത്തിൽ മാത്രം നഗരത്തിലെ റോഡിൽ 17 പേർക്കാണ് ജീവൻ നഷ്ടമായത്. 2018ൽ ഇതുവരെ ഏറ്റവുമധികം മരണം സംഭവിച്ചതും മേയിലാണ്. കഴിഞ്ഞ മാസം നഗരത്തിൽ 114 അപകടങ്ങളാണ് ട്രാഫിക് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇതിൽ 75 പേർക്ക് ഗുരുതര പരിക്കും 36 പേർക്ക് നിസാര പരിക്കുമേറ്റിട്ടുണ്ട്. മാവൂർ റോഡിലുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചതും കഴിഞ്ഞ മാസമായിരുന്നു. കേരളത്തിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് കോഴിക്കോട്ട് അപടങ്ങൾ വളരെ കൂടുതലാണെന്നും ട്രാഫിക് പോലീസ് പറയുന്നു.
നഗരത്തിലെത്തുന്ന വാഹനങ്ങൾ അമിതവേഗത്തിൽ പോകുന്നത് തന്നെയാണ് അപകടം കൂടാൻ കാരണമെന്ന് പോലീസ് പറയുന്നു. ഓരോ വർഷം കഴിയുംതോറും നഗരത്തിലെ അപകടങ്ങൾ വർധിക്കുകയാണ്. കാൽനടയാത്രക്കാരെ വാഹനയാത്രക്കാർ നിരത്തിൽ ശ്രദ്ധിക്കാത്തതും വലിയ അപകടങ്ങൾക്ക് വഴിവയ്ക്കാറുണ്ട്.
ബസുകളുടെയും മറ്റും മരണപ്പാച്ചിൽ കാരണം കാൽനടയാത്രക്കാർക്ക് സീബ്രാലൈൻ പോലും മുറിച്ചു കടക്കാൻ പലപ്പോഴും സാധിക്കാറില്ല. നഗരത്തിൽ നടക്കുന്നവരെ ഏത് നിമിഷവും ഒരു വാഹനം വന്നിടിക്കാമെന്ന അവസ്ഥയാണെന്ന് കാൽനടയാത്രക്കാർ പറയുന്നു.
നിപ്പാ ഭീതി വന്നതോടു കൂടി നഗരത്തിലേക്ക് വരുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞിരുന്നെങ്കിലും പെരുന്നാൾ അടുത്തതോടെ നഗരത്തിൽ വീണ്ടും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 2017 ൽ കോഴിക്കോട് നഗരത്തിൽ 186 പേർ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഇതിൽ കൂടുതൽ പേർ മരിച്ചത് ഇരുചക്ര അപകടങ്ങൾ മൂലമാണ്.
കാൽനട യാത്രാക്കാരും ഇതിൽ ഉൾപ്പെടുന്നുണ്ട്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോൾ നിസഹായരായി നോക്കി നിൽക്കുകയാണ് അധികൃതർ. റോഡിൽ പാലിക്കേണ്ട നിയമങ്ങൾ കൃത്യമായി പാലിക്കാത്തതാണ് അപകടങ്ങൾ കൂടാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.