കേരള നിയമസഭയില്‍ ബിജെപിയുടെ ഏക എംഎല്‍എയാണ് ഒ രാജഗോപാല്‍. നേമത്തെ പ്രതിനിധീകരിക്കുന്ന രാജഗോപാല്‍ ചോദിച്ച മണ്ടന്‍ ചോദ്യമാണ് നിയോജകമണ്ഡലത്തെക്കുറിച്ച് വ്യക്തമായ ധാരണ തനിക്കില്ലന്ന് രാജഗോപാല്‍ തുറന്ന് സമ്മതിക്കുന്ന രീതിയില്‍ പുറത്തുവന്നിരിക്കുന്നത്.
നേമം നിയോജകമണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഈ സ്ഥാപനങ്ങള്‍ക്കായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്നുമാണ് രാജഗോപാല്‍ നിയമസഭയില്‍ ചോദിച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനോടാണ് ഒ രാജഗോപാല്‍ ചോദ്യം ചോദിച്ചത്.
എന്നാല്‍ നേമം നിയോജകമണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഒന്നും തന്നെയല്ലെന്നാണ് മന്ത്രി മറുപടി നല്‍കിയത്. എംഎല്‍എയായിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും സ്വന്തം നിയോജകമണ്ഡലത്തെക്കുറിച്ച് കൃത്യമായ ധാരണ രാജഗോപാലിന് ഇല്ലെന്ന് ചോദ്യത്തില്‍ നിന്നും വ്യക്തമാണ്. കൃത്യമായ ഗൃഹപാഠം നടത്താതെ രാജഗോപാല്‍ നിയമസഭയില്‍ മുമ്പും ഇത്തരം മണ്ടന്‍ ചോദ്യങ്ങള്‍ ഉന്നിയിച്ചിട്ടുണ്ട്.
കഴിഞ്ഞ സമ്മേളനത്തില്‍ കേന്ദ്രത്തില്‍ നിന്ന് അനുവദിക്കാത്ത ഫണ്ടിനെക്കുറിച്ചാണ് ഒ.രാജഗോപാല്‍ ചോദ്യം ചോദിച്ചത്. സംസ്ഥാനത്തെ സഹകരണമേഖലയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ എത്ര രൂപ അനുവദിച്ചെന്നും ഇതില്‍ ചെലവാക്കിയ തുകയുടെ കണക്കുമാണ് രാജഗോപാല്‍ അന്ന് സഭയില്‍ ചോദ്യമായി ഉന്നയിച്ചത്. മുഴുവന്‍ തുകയും ചെലവാക്കിയില്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കണെമന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.
എന്നാല്‍ മന്ത്രിയുടെ മറുപടിക്ക് ശേഷമാണ് ചോദ്യത്തിലെ അബദ്ധം രാജഗോപാലും തിരിച്ചറിയുന്നത്. കേന്ദ്രത്തില്‍ നിന്നും സഹകരണമേഖലയുടെ വികസനത്തിനായി പണമൊന്നും അനുവദിച്ചിട്ടില്ലെന്നായിരുന്നു സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി. എന്നാല്‍ മറുപടി ലഭിച്ച് കഴിഞ്ഞപ്പോഴാണ് അത്തരമൊരു ഫണ്ടില്ലെന്ന കാര്യം രാജഗോപാല്‍ അറിയുന്നത്.
ബിജെപിയുടെ ഏകാംഗ എംഎല്‍എ ഒ രാജഗോപാല്‍ മന്ത്രിമാരുടെ മറുപടിയില്‍ പരിഹാസ കഥാപാത്രമാകുന്നത് ഇത് നാലാം തവണയാണ്. നേരെത്ത സഹകരണ മേഖലയെ സംബന്ധിച്ചും ലാവലിനെപ്പറ്റിയും ന്യൂനപക്ഷ വിധവകളെപ്പറ്റിയും ചോദ്യങ്ങള്‍ ചോദിച്ചായിരുന്നു രാജഗോപാല്‍ വെട്ടിലായത്. സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് ട്രോളുകളും ഇറങ്ങുന്നുണ്ട്.