ചിരിക്കുന്നതോ കരയുന്നതോ ആയ ഇമോജികള്‍ കൂട്ടത്തോടെ ഇടുന്നത് ഉപദ്രവമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഓരോരുത്തര്‍ക്കും അവരവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. സഹപ്രവര്‍ത്തകര്‍ പരിഹസിച്ചെന്ന് ആരോപിച്ച് ബി.എസ്.എന്‍.എല്‍ ജീവനക്കാരി വിജയലക്ഷ്മി നല്കിയ പരാതിയിലാണ് കോടതിയുടെ പ്രസ്താവന.
ബി.എസ്.എന്‍.എല്‍ സേവനത്തെക്കുറിച്ച് ഒരു ഉപഭോക്താവിന്റെ പരാതി ജീവനക്കാരുടെ വാട്സ്അപ്പ് ഗ്രൂപ്പില്‍ വിജയലക്ഷ്മി പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പ്രതികരണമായി ഒരാള്‍ ചിരിക്കുന്ന ഇമോജി പോസ്റ്റ് ചെയ്യുകയും മറ്റുള്ളവര്‍ ഇതേറ്റ് പിടിച്ച് ചിരിക്കുന്നതും കരയുന്നതുമായ ഇമോജികള്‍ ഇടുകയും ചെയ്തതാണ് പരാതിക്ക് കാരണം. കൂട്ടത്തോടെ ഇമോജി ഇട്ടതില്‍ അപമാനിതയായ വനിതാ ജീവനക്കാരി എസ്.സി എസ്.ടി നിയമപ്രകാരം പരാതി നല്‍കുകയായിരുന്നു.
2016ല്‍ നടന്ന സംഭവത്തിലുള്ള പരാതി കഴിഞ്ഞ ജൂണ്‍ 5ന് മദ്രാസ് ഹൈക്കോടതി തള്ളുകയായിരുന്നു. ഒരു വകുപ്പ് പ്രകാരവും കേസ് പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് ജസ്റ്റിസ് എസ്.എസ് സുന്ദര്‍ പറഞ്ഞത്.
‘എല്ലാവര്ക്കും അവരുടെ വികാരം പ്രകടിപ്പിക്കാനും ആശയം പങ്കുവയ്ക്കാനും അവകാശമുണ്ട്. വീഡിയോയുടെ പ്രതികരണമായിട്ടാണ് ഇമോജി പോസ്റ്റ് ചെയ്തത്. അയാള്‍ക്ക് തോന്നിയ വികാരം പ്രകടിപ്പിക്കാന്‍ അയാള്‍ക്ക് അവകാശമുണ്ട്.’ ജസ്റ്റിസ് സുന്ദര്‍ പറഞ്ഞു. എന്നാല്‍ ഇത്തരം പെരുമാറ്റം ജീവനക്കാരുടെ ഭാഗത്ത് നിന്ന് മേലില്‍ ഉണ്ടാവരുതെന്ന് കോടതി ശാസിക്കുകയും ചെയ്തു.