ചിങ്ങവനം: അടച്ചിട്ടിരുന്ന വീട്ടിൽനിന്ന് പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്തത് അയൽവാസിയുടെ നായയുടെ കാൽ തല്ലിയൊടിച്ച ശേഷം. സംഭവത്തിൽ ഡോഗ് സ്ക്വാഡ് , സയന്റിഫിക് വിദഗ്ധർ എന്നീ പരിശോധനകൾ ഇന്നു നടക്കും. മെഡിക്കൽ കോളജ് ജീവനക്കാരി ചിങ്ങവനം പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന തുണ്ടിയിൽ രാധാമണിയുടെ വീട്ടിലാണു മോഷണം നടന്നത്.
ബന്ധുവിന്റെ ചികിത്സ ആവശ്യത്തിനായി ഞായറാഴ്ച പോയ കുടുംബം ഇന്നലെ വൈകുന്നേരം വീട്ടിൽ എത്തിയപ്പോഴാണു മോഷണ വിവരമറിയുന്നത്. അടുക്കള കതക് കന്പിപ്പാരയ്ക്കു കുത്തിതുറന്ന നിലയിലാണ്. അലമാരയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയും ഒരു പവന്റെ വളയും ഒരു ഗ്രാം കമ്മലുമാണു മോഷണം പോയതെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.
അടുത്ത വീട്ടിലെ രണ്ടു നായകളുടെ കാലുകൾ തല്ലിയൊടിച്ച നിലയിലാണെന്ന് അയൽവാസികൾ പറഞ്ഞു. ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.