പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്ന ആർഎസ്എസ് – സിപിഎം സംഘർഷത്തെത്തുടർന്ന് ജില്ലാ കളക്ടർ ഇന്നലെ മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് വ്യാപാരികൾ. പെരുന്നാൾ കച്ചവടം ലക്ഷ്യം വെച്ച് മേഖലയിലെ തുണിക്കടകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നു.
പല ചെറുകിട വ്യാപാരികളും പലിശക്കെടുത്ത പണം കൊണ്ടാണ് പെരുന്നാൾ വിപണിയും സ്കൂൾ വിപണിയും ലക്ഷ്യം വെച്ച് സാധനങ്ങൾ വാങ്ങി കൂട്ടിയത്. എന്നാൽ പോലീസിന്റെ നിർദ്ദേശം രാത്രി എട്ട് മണി കഴിഞ്ഞ് കടകൾ തുറക്കരുതെന്നാണ്. കൂടാതെ മുന്നിലധികം ആൾക്കാർ കൂടി നിൽക്കരുതെന്നും നിർദ്ദേശമുണ്ട് ഇതിനാൽ തന്നെ പകൽ പോലും പൊൻകുന്നം ടൗണിൽ ഇറങ്ങാൻ ആൾക്കാർ മടിക്കുകയാണ്.
സമീപ പ്രദേശങ്ങളിൽ നിന്ന് സ്ത്രീകൾ അടക്കമുള്ളവർ പെരുന്നാൾ കോടിയേടുക്കാൻ പൊൻകുന്നത്തെയായിരുന്നു പ്രധാനമായും ആശ്രയിച്ചിരുന്നതെങ്കിൽ ഏത് നിമിഷവും അക്രമം ഉണ്ടാകാം എന്ന് ഭയന്ന് മറ്റ് പ്രദേശങ്ങളിലേക്കാണ് പർച്ചേസിങിനായ് തിരഞ്ഞെടുത്തിരിക്കുന്നത്. കടം വാങ്ങിയും പലിശക്കെടുത്തുവാങ്ങിക്കൂട്ടിയ ഉൽപ്പന്നങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് വ്യാപാരികൾ.
അക്രമം അവസാനിപ്പിക്കണം
പൊൻകുന്നം: ജാതി മത ചിന്തകൾക്കതീതമായി ജീവിച്ചിരുന്ന ചിറക്കടവുകാർക്കിടയിലെ മതസൗഹാർദം തകർത്ത് അക്രമ രാഷ്ട്രിയം വളർത്താനുള്ള ബിജെപി യുടെയും സിപിഎമ്മിന്റെയും ശ്രമം ജനാധിപത്യ മര്യാദക്ക് ചേർന്നതല്ലെന്നും ചിറക്കടവിനെ ഭ്രാന്താലയമാക്കാതെ ഇരു കക്ഷികളും അക്രമ രാഷ്ട്രിയം വെടിയണമെന്നും യൂത്ത് ഫ്രണ്ട് എം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ലാജി തോമസ് അധ്യക്ഷത വഹിച്ചു. ഷാജി പാന്പൂരി ,ഷാജി നെല്ലെപ്പറന്പിൽ ,ജോർജ്ജ് കുട്ടി പുത കുഴിയിൽ എന്നിവർ പ്രസംഗിച്ചു.
പൊൻകുന്നം: ചിറക്കടവ് മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ബിജെപി – സിപിഎം നീക്കം പ്രതിഷേധാർഹമാണെന്നും പോലീസ് നിഷ്ക്രിയത്വം അവസാനിപ്പിച്ച് അക്രമകാരികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
പൊൻകുന്നം: ചിറക്കടവ് മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തും വിതം അക്രമം അഴിച്ചുവിടുന്ന സിപിഎം നടപടികൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കേരളാ കോണ്ഗ്രസ് (പി.സി. തോമസ് ) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് വിജയകുമാർ മീത്തിൽ ആവശ്യപ്പെട്ടു.