കേരളത്തിലെ തിരക്കേറിയ ബീച്ചുകളില്‍ ഒന്നാണ് കോവളം ബീച്ച്. ഒരുവശത്ത് പച്ചപ്പും മറുവശത്ത് അറബിക്കടലിന്റെ മനോഹാരിതയും തുളുമ്പുന്ന കോവളം സഞ്ചാരികളുടെ പറുദീസയാണ്. പക്ഷെ ഇപ്പോള്‍ സഞ്ചാരികള്‍ ഒഴിഞ്ഞ തീരത്തേയ്ക്ക് സ്വര്‍ണവേട്ടയ്ക്കായി ആളുകളുടെ തിരക്കാണ്. കടലമ്മയെടുക്കുന്നത് കടലമ്മ തന്നെ തിരിച്ച് കൊടുക്കുമെന്നാണല്ലോ പഴമക്കാര്‍ പറയുന്നത്. ഇത്തരത്തില്‍ കടലമ്മയുടെ സമ്മാനമായി അഞ്ചു പവന് വരെ കിട്ടിയവരുണ്ട് കൂട്ടത്തില്‍.
വെള്ള മണലില്‍ സാധനങ്ങള്‍ വീണാല്‍ പുതഞ്ഞുപോകുന്ന സ്ഥിതിയുണ്ട്. കറുത്ത മണല്‍ പുതയുന്ന സ്വഭാവമില്ലാത്തതിനാല്‍ കളഞ്ഞുപോയ വസ്തുക്കള്‍ തെളിഞ്ഞു വരുമത്രെ. ഇതിലാണ് സ്വര്‍ണവേട്ടക്കാരുടെ നോട്ടം. അപ്രതീക്ഷിത നിധി ലഭ്യതയുടെ മാടിവിളിയില്‍ ലോട്ടറി വില്പനക്കാര് പോലും സ്വര്‍ണം തിരയാന്‍ തീരത്തേക്ക് വരുന്നുണ്ട്. തീരത്തെത്തിയ സഞ്ചാരികളില്‍ നിന്നു കടലിലും തീരത്തുമായി നഷ്ടപ്പെട്ട സ്വര്‍ണവെള്ളി ആഭരണങ്ങള്‍, നാണയത്തുട്ടുകള്‍ അങ്ങനെ എന്നന്നേക്കുമായി കൈമോശം വന്നുവെന്നു വിചാരിച്ച വിലപിടിച്ച വസ്തുക്കള്‍ ഈ മണ്‍സൂണ്‍ കാലത്ത് കടലമ്മ തിരിച്ച് തരും.
അങ്ങനെ നോക്കുന്നവര്‍ എല്ലാവര്ക്കും സ്വര്‍ണം കിട്ടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. വിദഗ്ധരായ തിരച്ചിലുകാര്ക്കായിരിക്കും ഇത് കിട്ടുക. ഏതോ കാലത്ത് നഷ്ടപ്പെട്ട ഉരുപ്പടികളാകയാല് ഉടമകളാരെന്നു പോലും അന്വേഷിക്കേണ്ടതില്ല. കളഞ്ഞു കിട്ടുന്നവര്‍ക്ക് തന്നെ അവ സ്വന്തമാകും. സീസണ് കാലത്തു തീരത്തു നിരക്കുന്ന വെള്ളമണലിലാവും സഞ്ചാരികളുടെ വിലപ്പെട്ട വകകള്‍ നഷ്ടപ്പെട്ടിട്ടുണ്ടാവുക. കാലവര്‍ഷത്തിരകള്‍ വലിച്ചുനീക്കുന്ന വെള്ളമണല്‍ മാറിവരുന്ന കറുത്ത മണ്ണിനടിയില്‍ നിന്നാണ് ‘സ്വര്‍ണ’ വര്‍ണത്തിന്റെ നേരിയ തിളക്കം പ്രത്യക്ഷപ്പെടുക. വെറും നോട്ടത്തില്‍ ഇതു കാണണമെന്നില്ല. കണ്ണില്‍ എണ്ണയൊഴിച്ചെന്നവണ്ണം തീരത്തു ക്ഷമയോടെ നോക്കിനിന്നാല്‍ മാത്രമേ ഇവ കാണൂ. ഒന്നും രണ്ടും പേരല്ല, നിരവധി സംഘങ്ങളാവും ഓരോ തീരത്തും ഇതിനായി ഉണ്ടാവുക. ആദ്യം കാണുന്നവര്‍ക്കാണ് കളഞ്ഞു കിട്ടുന്ന മുതലിന്റെ അവകാശമെങ്കിലും പലപ്പോഴും പലരും ഒരുമിച്ചു കാണുന്നതിനാല്‍ കിട്ടുന്നത് പങ്കിടേണ്ടി വരുന്നുണ്ടെന്നും വിവരമുണ്ട്.