ഒരടി പതറിയാല്‍ വെള്ളപ്പാച്ചിലില്‍. പൊടിപോലും കിട്ടില്ല. അതിസാഹസികമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുകൂട്ടം പോലീസുകാരാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുന്നത്. കുട്ടമ്പുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോയാണ് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
കോതമംഗലം മണികണ്ഠന് ചാല്, കല്ലേലിമേട് പ്രദേശങ്ങളാണ് മഴവെള്ള പാച്ചിലോടെ വെള്ളത്തിനടിയിലായത്. കനത്ത മഴയില്‍ റോഡും പാലങ്ങളും കവിഞ്ഞൊഴുങ്ങിയതു മൂലം ഗതാഗതവും ഇവിടെ നിലച്ച അവസ്ഥയിലാണ്.
കോതമംഗലത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പൂയംകുട്ടി പുഴയില്‍ ജലമുയര്ന്നതോടെയാണ് നാട്ടുകാര്‍ക്ക് ഏക ആശ്രയമായ ബ്ലാവന കടവിലെ കടത്ത് നിര്‍ത്തിയത്. ഇതോടെ പ്രദേശവാസികള്‍ പൂര്‍ണതോതില്‍ ഒറ്റപ്പെടുകയായിരുന്നു. ആദിവാസി ഊരുകളാണ് ഏറ്റവും കൂടുതല്‍ ഇവിടെ സ്ഥിതി ചെയ്യുന്നത്. കുട്ടമ്പുഴ പഞ്ചായത്ത് ഏഴാം വാര്‍ഡ് ആണു പുഴയുടെ അക്കരെയുള്ള മണികണ്ഠന്‍ചാല്‍.
പുഴ നിറഞ്ഞൊഴുകിയതോടെ പ്രദേശവാസിയായ യുവതിയുടെ വിവാഹത്തെയാണ് ഏറെ ബാധിച്ചത്. നേര്യമംഗലത്ത് ഞായറാഴ്ച്ച കല്യാണത്തിനു പോകേണ്ട വധു അടക്കമുള്ളവര്‍ക്കു രാത്രി രണ്ടുമണി മുതല്‍ കടവില്‍ കാത്തുകിടന്നാണു പുലര്‍ച്ചെ ജലനിരപ്പ് അല്പം താഴ്ന്നപ്പോള്‍ പുഴയുടെ മറുകര കടക്കാനായത്.
മുഹൂര്‍ത്തത്തിന് മുന്‍പ് പുഴ കടക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെ വധുവിന്റെ ബന്ധുക്കള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പോലീസെത്തിയാണ് ഇവരെ മറുകരയെത്തിച്ചത്.
മണികണ്ഠന് ചാലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കുട്ടമ്പുഴ എസ് ഐ ശ്രീകുമാര്‍, പ്രദീപ്, വനിതാ പൊലീസ് ഉദ്യോഗസ്ഥ രാജി ഉള്‍പ്പടെയുള്ളവര്‍ മറുകര കടക്കാനാവാതെ മണിക്കൂറുകള്‍ കുടുങ്ങി കിടന്നു. ഇരു കരയിലും കുടുങ്ങി കിടക്കുന്നവരെ അതിസാഹസികമായിട്ടാണ് പോലീസ് ജീപ്പില്‍ കയറ്റി രക്ഷപ്പെടുത്തിയത്. പോലീസിന്റെ അതിസാഹസികമായ ഈ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം.