വീണ്ടുമിതാ ലോക ഫുട്ബോൾ വേദിയുടെ പുൽമൈതാനത്ത് പന്തുരുളാൻ പോകുന്നു. ഈ ദിനം കൊഴിഞ്ഞാൽ നാളത്തെ പുലരി ലോകകപ്പിന്റെ ഉദയത്തിന്റെ വെളിച്ചം റഷ്യയിൽ വീശും. ആ വെളിച്ചത്തിൽ ലോകം ഒന്നാകും… 21-ാം ലോകകപ്പ് ഫുട്ബോളിന് നാളെ മോസ്കോയിൽ കിക്കോഫ്…
ലോകകപ്പ് മാമാങ്കം ഏതു കോണിലാണെങ്കിലും ഭൂഗോളത്തിലെ വിവിധ സംസ്കാരങ്ങളുടെ സംഗമ വേദികൂടിയാകും അത്. ടീമുകളുടെയും താരങ്ങളുടെ യും കാൽപ്പന്തിന്റെയും ആരാധകർ അവിടേക്ക് ഒഴുകിയെത്തും. നിരവധി മനോഹര മുഹൂർത്തങ്ങളാണ് ഓരോ ലോകകപ്പും നൽകുന്നത്. ചിരിയും കണ്ണീരും വേദനയും എല്ലാമുണ്ടായിരുന്നു.
1970ൽ ബ്രസീലിന്റെ കാർലോസ് ആൽബർട്ടോ നേടിയ ഗോൾ- എക്കാലത്തെയും മികച്ച ടീം ഗോളെന്നു വിശേഷിപ്പിക്കാവുന്ന ഗോൾ. സ്വന്തം പകുതിയിൽനിന്നും തുടങ്ങിയ മുന്നേറ്റത്തിൽ പന്ത് പത്തുപേരുടെ കാൽ മറിഞ്ഞാണ് ആൽബർട്ടോയിലെത്തിയത്. പിന്നെ 1986ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ അർജന്റീനയുടെ ഡിയേഗോ മാറഡോണയുടെ ദൈവത്തിന്റെ കൈ എന്നു വിശേഷിപ്പിക്കപ്പെട്ട ഗോൾ.
ആ ഗോൾ ഉയർത്തിയ എല്ലാ വിവാദവും തൊട്ടുപിന്നാലെയുള്ള ഗോളിലൂടെ മാറഡോണ മാറ്റിയെടുത്തു. ആ ഗോൾ നൂറ്റാണ്ടിന്റെ ഗോളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സ്വന്തം പകുതിയിൽനിന്ന് പന്തുമായി കുതിച്ച മാറഡോണ തനിക്കുമുന്നിലുണ്ടായിരുന്ന പീറ്റർ ബിയേർഡ്സ്ലി, പീറ്റർ റീഡ്, ടെറി ബുച്ചർ, ടെറി ഫെൻവിക്, ഒരിക്കൽക്കൂടി ബുച്ചർ അവസാനം ഗോൾകീപ്പർ പീറ്റർ ഷിൽട്ടൺ. എല്ലാവ രെയും വെട്ടിച്ച് വലകുലുക്കി… ഇതെല്ലാം ലോകകപ്പിൽ മാത്രം കണ്ടതാണ്. 2006ൽ സിനദിൻ സിദാൻ നായകനിൽനിന്നു വില്ലനായി മാറിയ കളി. അതുപോലെയുള്ള എത്രയെത്ര മുഹൂർത്തങ്ങൾ.
ഹൃദയം തുറന്ന് റഷ്യ
റഷ്യക്ക് ഈ ലോകകപ്പ് വെറുമൊരു ടൂർണമെന്റല്ല. തങ്ങളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന പാശ്ചാത്യരാജ്യങ്ങളെ തങ്ങളുടെ പകിട്ടും പത്രാസും കാണിച്ചുകൊടുക്കാനുള്ള അവസരം കൂടിയാണ്. ഇതിൽ രാഷ്ട്രീയവുമുണ്ട്. ലോകകപ്പ് ഒരു വലിയ സംഭവമാക്കാൻ റഷ്യൻ സർക്കാർതന്നെ കയ്മെയ് മറന്ന് ഇറങ്ങി. ചെറിയ നഗരങ്ങൾക്കുപോലും വേദിയനുവദിച്ചു. അവിടെ നിർമിച്ചതും അതിമനോഹരമായ സ്റ്റേഡിയങ്ങളും. ഇതിലൂടെ ആ നഗരങ്ങളുടെ വളർച്ചയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
സ്റ്റേഡിയങ്ങളുടെ നിർമാണത്തിലും റഷ്യയുടെ സാങ്കേതികവളർച്ചയുടെയും സാന്പത്തികസ്ഥിതിയുടെയും വളർച്ച എടുത്തുകാണിക്കുന്നു. സെന്റ് പീറ്റേഴ്സ്ബർഗിലെ സ്റ്റേഡിയം നിർമിക്കാൻ ചെലവഴിച്ചത് 1.1 ബില്യണ് ഡോളർ (ഏകദേശം 7,500 കോടി രൂപ). ഓരോ സ്റ്റേഡിയവും റഷ്യൻ സംസ്കാരവും കലയും സാങ്കേതികമികവും വിളിച്ചുപറയുന്നതാണ്. റഷ്യ ലോകകപ്പ് പലതിന്റെയും അവസാനമായിരിക്കും. പലതിന്റെയും തുടക്കവും.
വരാനിരിക്കുന്നതു കെങ്കേമം
32 ടീമുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പാകുമിത്. 2022ൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ 48 ടീമുകളാകും ഇറങ്ങുക. ഇങ്ങനെ വരുന്പോൾ ഓരോ ഭൂഖണ്ഡത്തിനും തങ്ങളുടെ പ്രാതിനിധ്യം ഉയർത്താനാകും.
ഫുട്ബോളിന്റെ വളർച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കമാണ് ഫിഫയിൽനിന്നു നടക്കുന്നത്. സെപ് ബ്ലാറ്റർക്കു പിൻഗാമിയായെത്തിയ ജിയാനി ഇൻഫാന്റിനോ ഓരോ രാജ്യത്തിനു ഫുട്ബോളിന്റെ വളർച്ചയ്ക്കായി ധാരാളം പണം നൽകുന്നു. ഫിഫയിൽ അഴിമതിയില്ലാത്ത ഭരണമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും സന്പന്നമായ ഫിഫ ഓരോ ഫെഡറേഷനും അതിന്റെ വളർച്ചയ്ക്കായി പണമൊഴുക്കുന്നു. അവർക്ക് ലോകകപ്പ് വേദികൾ അനുവദിച്ചുകൊടുക്കുന്നു. ഇതിലൂടെ ആ രാജ്യത്ത് സ്റ്റേഡിയങ്ങളും പുതിയ കളിക്കാരും ഉണ്ടാകുന്നു.
കലണ്ടറിൽ മാറ്റം, 2026 വേദി ഇന്നറിയാം
യൂറോപ്പിലെ വേനൽക്കാലം അനുസരിച്ചാണ് ഇതുവരെയുള്ള ലോകകപ്പുകളുടെ കലണ്ടർ നിശ്ചയിച്ചിരിക്കുന്നത്. ഖത്തർ ലോകകപ്പ് നവംബർ മുതൽ ഡിസംബർ വരെയാണ് ക്രമീകരിച്ചിരിക്കുന്നത്, നിലവിലെ സൂചനപ്രകാരം നവംബർ 21 മുതൽ ഡിസംബർ 18 വരെ. അപ്പോൾ മത്സരദിനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകും. 28 ദിവസമായിരിക്കും മത്സരം. 2026 ലോകകപ്പിന്റെ വേദിയേതെന്നു ഇതുവരെ അറിയാനായിട്ടില്ല.
കാനഡ, യുഎസ്എ, മെക്സിക്കോ എന്നിവ സംയുക്തമായി വേദി ആവശ്യപ്പെട്ടു കഴിഞ്ഞു. ആഫ്രിക്കൻ രാജ്യമായ മൊറോക്കോയും ഈ ആവശ്യവുമായി രംഗത്തുണ്ട്. മൊറോക്കോയ്ക്കു ലഭിച്ചാൽ ആഫ്രിക്കൻ ഭൂഖണ്ഡം ഒരിക്കൽക്കൂടി ലോകകപ്പിന് ആതിഥേയരാകും. 2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിലാണ് ആദ്യമായി ആഫ്രിക്ക വേദിയായത്. എന്തായാലും ഇന്ന് മോസ്കോയിൽ ചേരുന്ന 68-ാമത് ഫിഫ കോണ്ഗ്രസിൽ 2026ലെ വേദി തീരുമാനിക്കും.
വിഎആർ
ഈ ലോകകപ്പിലെ പുതുമയാണ് വീഡിയോ അസിസ്റ്റന്റ് റഫറി. മത്സരത്തിൽ ഒരു പിഴവുപോലും വരുത്താതിരിക്കാനാണ് ക്രിക്കറ്റ്, ഹോക്കി എന്നിവയിൽ ഉപയോഗിക്കുന്നതുപോലെ വീഡിയോ അസിസ്റ്റന്റ് സൗകര്യം. ലോകത്തെ പ്രധാന ഫുട്ബോൾ ലീഗുകളിലും അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലുമായി ഏകദേശം ആയിരത്തിലേറെ മത്സരങ്ങളിൽ പരീക്ഷിച്ചതിനുശേഷമാണ് റഷ്യയിൽ വിഎആർ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചത്.
ഇതിനെതിരേ ടീമുകളും പരിശീലകരും ആരാധകരും രംഗത്തുണ്ട്. കളിയുടെ സ്വാഭാവിക ഒഴുക്കിന് ഇതു തടസമാകുമെന്നാണ് അവർ വാദിക്കുന്നത്. വിഎർആർ വരുന്നതോടെ പല പിഴവുകളും കളി നിയന്ത്രിക്കുന്ന റഫറിമാർക്ക് ഇല്ലാതാക്കാനാകും. റഫറിമാർക്ക് തലയുയർത്തി നിൽക്കാനാകും. ഓഫ് സൈഡ്, ഗോളുകൾ, പെനാൽറ്റി, ചുവപ്പ് കാർഡ്, കാർഡ്കൊടുക്കേണ്ടയാൾ എന്നിവയെല്ലാം റഫറിക്ക് പുതിയ സംവിധാനത്തിലുടെ വിലയിരുത്താനാകും.
വിഎആർ ഉപയോഗത്തിൽ എന്തെങ്കിലും വലുതായ തെറ്റ് പ്രത്യക്ഷത്തിൽ തോന്നിയാൽ ഈ സംവിധാനത്തിന്റെയും അവസാനമാകും. വിഎആറിലും വലിയ തെറ്റുകളുണ്ടായിട്ടുണ്ടെന്ന് കഴിഞ്ഞ പല ലീഗ്, സൗഹൃദമത്സരങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. വിഎആറിന്റെ ഭാവിയെന്തെന്നു കാത്തിരുന്നു കാണാം.
മാറ്റങ്ങൾ എക്കാലവും
പല മാറ്റങ്ങളിലൂടെയാണ് ലോകകപ്പ് 21-ാം പതിപ്പ് വരെയെത്തിയത്. ആദ്യ കാലത്ത് നേരേ നോക്കൗട്ടായിരുന്നു. പിന്നീട് ഗ്രൂപ്പ് ഘട്ടത്തിലെത്തി. ടീമുകളുടെ എണ്ണം 13ൽ നിന്ന് 16, 16ൽനിന്ന് 24,തുടർന്ന് 32വരെ ആയി. റേഡിയോ കമന്ററിയിൽനിന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് കാഥോഡ് റേ ടിവി. തുടർന്ന് ടെക്നികളർ അവിടെനിന്ന് അൾട്രാ എച്ച്ഡി വരെയെത്തി മാറ്റങ്ങൾ. ആദ്യ കാലത്ത് സബ്സ്റ്റിറ്റ്യൂഷൻ ഇല്ലായിരുന്നു. ഇപ്പോൾ അത് മൂന്നെണ്ണമായി. എക്സ്ട്രാ ടൈമിലേക്കാണെങ്കിൽ നാലുവരെയായി സബ്സ്റ്റിറ്റ്യൂഷൻ. ഓസ്ട്രേലിയ, അന്റാർട്ടിക്ക ഒഴിയെ എല്ലാ ഭൂഖണ്ഡങ്ങളും ലോകകപ്പ് വേദിയുമായി.
ഫുട്ബോളിലെ മാറ്റങ്ങൾ ചിലത് പ്രാബല്യത്തിലാകും, ചിലത് വേണ്ടെന്നുവയ്ക്കും. 1950ലെ ഫൈനൽ ഗ്രൂപ്പ് (16 ടീമുകളെ നാലു ഗ്രൂപ്പുകളിലായി തിരിച്ചു. ഗ്രൂപ്പ് ചാന്പ്യന്മാർ അവസാന ഗ്രൂപ്പിൽ), ഗോൾഡൻ ഗോൾ എന്നിവയെല്ലാം മാറിയകാര്യങ്ങളാണ്. 24 ടീമിൽനിന്ന് 32 ടീമിലെത്തിയപ്പോൾ ആഫ്രിക്കയ്ക്കും ഏഷ്യക്കും കൂടുതൽ പ്രാതിനിധ്യം ലഭിച്ചു. ഇനിയും വർധിക്കുന്പോൾ പങ്കെടുപ്പിക്കാവുന്ന ടീമുകളുടെ എണ്ണം ഇനിയും കൂടും.
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ