മാന്നാർ: എറണാകുളത്ത് സ്കൂൾ വാഹനം മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ച സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് സ്കൂൾ വാഹനങ്ങളുടെ പരിശോധന കർശനമാക്കി. പോലീസും മോട്ടോർ വാഹന വകുപ്പുമാണ് പരിശോധന നടത്തുന്നത്. മാന്നാറിൽ പരുമലക്കടവിലും കുരട്ടിക്ഷേത്ര ജംഗ്ഷനിലും പോലീസ് പരിശോധന നടത്തി. രാവിലെ മദ്യപിച്ച് സ്കൂൾ വാഹനം ഓടിച്ച രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പത്തനംതിട്ടയിലെ എൻജിനിയറിംഗ് കോളജ് വാഹനത്തിന്റെ ഡ്രൈവർ മാന്നാർ മഠത്തിൽ വീട്ടിൽ കുരുവിള തോമസ് (42), കോട്ടയത്തെ എൻജിനിയറിംഗ് കോളജ് വാഹനത്തിന്റെ ഡ്രൈവർ പത്തീയൂർ കരയിലകുളങ്ങര തുണ്ടിത്തറയിൽ ഉണ്ണി(38)എന്നിവരാണ് അറസ്റ്റിലായത്.
മദ്യപിച്ച് വാഹനം ഓടിച്ചത് കൂടാതെ അശ്രദ്ധയായി വാഹനം ഓടിച്ച നിരവധി ഡ്രൈവർമാരെ താക്കീത് ചെയ്തു. അനധികൃതമായി കുട്ടികളെ കയറ്റി കൊണ്ടുപോകുന്ന വാഹനങ്ങളും പരിശോധനയിൽ പടിച്ചെടുത്തു. രാവിലെ ആറ് മുതൽ ആരംഭിച്ച വാഹന പരിശോധന 9.30 വരെ തുടർന്നു.
മറ്റ് ജില്ലകളിൽ നിന്നെത്തുന്ന എൻജിനിയറിംഗ് കോളജുകളുടെയും, സിബിഎസ്സി സ്കൂളികളുടെയും അടക്കം 40 ബസുകളാണ് ദിനം പ്രതി മാന്നാർ ജംഗഷിനിൽ എത്തി പോകുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മാന്നാർ പോലീസ് അറിയിച്ചു.