കൊല്ലം: നിർമാണം പൂർത്തിയാക്കി നാളുകൾ ഏറെയായെങ്കിലും ഉദ്ഘാടനം കാത്തുകിടക്കുകയാണ് പോർട്ട് കൊല്ലത്തെജൈവമാലിന്യസംസ്കരണ പ്ലാന്റ് (എയറോബിക് കന്പോസ്റ്റ് യൂണിറ്റ് ). തീരദേശങ്ങളിൽ നിരവധി പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം പ്രവർത്തനവും തുടങ്ങി. പോർട്ട് കൊല്ലത്തെ മാത്രമാണ് അനിശ്ചിതാവസ്ഥയിൽ കിടക്കുന്നത്.
ഇതിന്റെ പരിസരത്ത് കുന്നു കൂടുന്ന മാലിന്യങ്ങൾ കോസ്റ്റൽ പോലീസ് കൃത്യമായി നീക്കുന്നതിനാൽ ഇവിടെ പകർച്ചവ്യാധികളും ദുർഗന്ധവും അനുഭവപ്പെടുന്നില്ല.
മാലിന്യനിക്ഷേപ കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. എയറോബിക് കന്പോസ്റ്റ് യൂണിറ്റിൽ ജൈവമാലിന്യങ്ങൾ മാത്രമാണ് സംസ്കരിക്കുന്നത് .ഇതിനെ വളമാക്കി മാറ്റുന്ന സംവിധാനമാണുള്ളത്.
എന്നാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കാനുള്ള യാതൊരുസംവിധാനവും ഇവിടൊരിടത്തുമില്ല. ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂടികലർന്നാണ് ഇവിടെവരുന്നത്. അത് വേർതിരിച്ചുമാറ്റി സംസ്കരിക്കാതെ പ്ലാസ്റ്റിക് മാലിന്യം പലപ്പോഴും കടലിലൊഴുക്കുന്നതായും ആക്ഷേപമുണ്ട്.
പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നീണ്ടകരയിൽ പ്രവർത്തനം തുടങ്ങിയ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിൽ എത്തിച്ച് സംസ്കരിക്കാനുള്ള നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. ജൈവമാലിന്യങ്ങളേക്കാൽ കൂടുതൽ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നവയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ. ഇത് കടൽ തീരത്തേക്ക് തള്ളുന്നത് ഒഴിവാക്കേണ്ടിയിരിക്കുന്നു.
പോർട്ട് കൊല്ലത്ത് നിർമാണം പൂർത്തിയാക്കിയ ജൈവമാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതൊടൊപ്പം പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് സംസ്കരിക്കാനുള്ള നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.