കോഴിക്കോട്: വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് പള്ളിയിലെ വിശുദ്ധ അന്തോണീസ് പുണ്യാളന്റെ തിരുനാളിനോടനുബന്ധിച്ച് നിർമിച്ച ഷാമിയാന പൊളിച്ചുനീക്കാനുള്ള പട്ടാള അധികാരികളുടെ നിർദേശത്തിൽ പരക്കെ പ്രതിഷേധം. പട്ടാള ബാരക്സിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പള്ളിയും സ്ഥലവും പട്ടാളത്തിന്റേതാണെന്നും അവർക്കായി പണിത ദേവാലയമാണെന്നും പറഞ്ഞാണ് ആരാധനാ സ്വാതന്ത്ര്യത്തിനു തടയിടാനുള്ള ശ്രമം.
2012ൽ പള്ളി നവീകരണത്തിന് ശ്രമിച്ചപ്പോൾ പട്ടാള ഉദ്യോഗസ്ഥർ എതിർപ്പുമായി വന്നു. തുടർന്ന് കോടതിയെ സമീപിക്കുകയും കേസ് വിധിയാകുന്നതുവരെ തത് സ്ഥിതി തുടരാൻ കോടതി നിർദേശിക്കുകയും ചെയ്തു. സെന്റ് മൈക്കിൾസ് പള്ളിയുടെയും ഈസ്റ്റ്ഹിൽ ഫാത്തിമാമാതാ ഇടവകയുടെയും അത്താണിക്കൽ സ്നേഹഭവനിലെ മാർ തെരേസ കോൺവെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂണിൽ നടക്കുന്ന തിരുനാളാഘോഷത്തോടനുബന്ധിച്ച് താത്കാലിക ഷാമിയാന നിർമിക്കുന്നത് പതിവാണ്.
പട്ടാള ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസാണ് ഷാമിയാന പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടത്. 120 വർഷമായി അനുഭവിക്കുന്ന ആരാധനാസ്വാതന്ത്ര്യം പുനഃസ്ഥാപിച്ച് കിട്ടാൻ ഇടവക വികാരി ഫാ. ജോസഫ് നിക്കോളാസ്, സെന്റ് മൈക്കിൾസ് കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ ബിജീലിയ, മദർ തെരേസ സ്നേഹഭവൻ സുപ്പീരിയർ സിസ്റ്റർ അൽഫോൻസിന, സെബാസ്റ്റ്യൻ രാജൻ പുന്താനത്ത് പറന്പ്, വില്യം സീസർ, തങ്കം പോൾ എന്നിവർ കളക്ടർക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്.