കോട്ടയം: കേരളാ ചെസില്‍ നിഹാല്‍ സരിന്റെ പിന്‍ഗാമിയായി ഉദിച്ചുവരുന്ന താരമാണ് തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ജുബിന്‍ ജിമ്മി. കഴിഞ്ഞ മാസം 14 മുതല്‍ 22 വരെ തീയതികളില്‍ കോല്‍ക്കത്തയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ് മാസ്റ്റേഴ്സ് ചെസ് ടൂര്‍ണമെന്റില്‍ റേറ്റിംഗില്‍ 154 പോയിന്റിന്റെ നേട്ടം കൈവരിച്ച് പ്രത്യേക പ്രശംസയ്ക്കും പാരിതോഷികത്തിനും അര്‍ഹനായി ഈ പന്ത്രണ്ടുകാരന്.
സാധാരണ നാലഞ്ച് മത്സരങ്ങളില്‍നിന്നും നേടുന്ന റേറ്റിംഗ് പോയിന്റ് ഒറ്റ മല്‍സരത്തില്‍നിന്നും ജുബിന്‍ നേടാനായി. മുപ്പതില്പരം ഗ്രാന്‍ഡ് മാസ്റ്റര്‍മാരും അതിലധികം ഇന്റര്‍നാഷണല്‍ മാസ്റ്റര്‍മാരും പങ്കെടുത്ത ഈ ടൂര്‍ണമെന്റില്‍ 185-ാം സീഡുകാരനായിരുന്നു. ഒന്‍പതില്‍ അഞ്ചര പോയിന്റോടെ ജുബിന്‍ പല ഗ്രാന്‍ഡ് മാസ്റ്റര്മാരെയും ഇന്റര്‍നാഷണല്‍ മാസ്റ്റര്മാരെയും പിന്നിലാക്കി നാല്പത്തിയാറാം സ്ഥാനം നേടി.
എറണാകുളത്തു നടന്ന സംസ്ഥാന സീനിയര്‍ ചെസ് ചാമ്പ്യന്‍പട്ടം ടൈബ്രേക്ക് പോയിന്റിലെ നേരിയ മാറ്റത്തില്‍ കൈവിട്ടു പോയെങ്കിലും റണ്ണര്‍ അപ് ആയ ജുബിന്‍ ജിമ്മിയായിരുന്നു അതിലെ താരം.
ഫൈനല്‍ റൗണ്ടിനു മുമ്പ് എല്ലാവരേക്കാളും ഒരു പോയിന്റിന് മുന്നിട്ടുനിന്നിരുന്ന അതുല്‍ കൃഷ്ണയെ അവസാന റൗണ്ടില്‍ പരാജയപ്പെടുത്തിയാണ് ജുബിന്‍ ജിമ്മി ചാമ്പ്യന്‍ പട്ടത്തിന് അനില്‍കുമാറിനെ അര്‍ഹനാക്കിയത്. ഒരു സമനില നേടിയിരുന്നെങ്കില്‍ അതുല്‍ കൃഷ്ണയ്ക്ക് ചാമ്പ്യനാകാമായിരുന്നു. ദേശീയ അന്തര്‍ദ്ദേശീയ ചെസ് ടൂര്‍ണമെന്റുകളില്‍ പ്രശംസനീയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ജുബിന്‍ കഴിഞ്ഞ വര്‍ഷവും സംസ്ഥാന സീനിയര്‍ ചെസിലെ റണ്ണര്‍ അപ് ആയിരുന്നു.
രണ്ടു വര്‍ഷത്തിനകം ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടുകയാണ് ജുബിന്റെ സ്വപ്നം. ഈ സ്വപ്നം സഫലമാകണമെങ്കില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍മാരില്‍ നിന്നും പരിശീലനം നേടുകയും ഒട്ടേറെ ഇന്റര്‍നാഷണല്‍ ചെസ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയും ചെയ്യണം.
തുച്ഛ വരുമാനക്കാരായ മാതാപിതാക്കളില്‍ നിന്നും അതിനുള്ള വമ്പിച്ച തുക കണ്ടെത്തുക സാധ്യമല്ല.. അതിനാല്‍ സര്‍ക്കാര്‍ തലത്തിലുള്ള സഹായം അഭ്യര്ഥിക്കുന്നതിനോടൊപ്പം സന്മനസുള്ളവരുടെ സ്പോണ്‍സര്‍ഷിപ്പോ സഹായമൊകൂടി ജുബിന്‍ ജിമ്മി ആഗ്രഹിക്കുന്നു.
ടി.കെ. ജോസഫ് പ്രവിത്താനം