മുംബൈ: ചില്ലറവില ആധാരമാക്കിയുള്ള നാണ്യപ്പെരുപ്പം നാലു മാസത്തെ ഉയർന്ന നിലയിലായതോടെ പലിശനിരക്ക് ഇനിയും കൂടുമെന്ന് ഉറപ്പായി. ഓഗസ്റ്റിൽ ചേരുന്ന റിസർവ് ബാങ്ക് പണനയ കമ്മിറ്റി നിരക്കുയർത്താൻ തീരുമാനിക്കുമെന്നാണു പൊതു വിലയിരുത്തൽ.
അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിർണയ യോഗം ഇന്നലെ കഴിഞ്ഞു. പലിശവർധന ഉറപ്പാണെന്നാണു പൊതുവിലയിരുത്തൽ. ഫെഡ് നിരക്കു കൂട്ടുന്നത് വികസ്വരരാജ്യങ്ങളിൽനിന്നു മൂലധനം തിരിച്ചൊഴുകാൻ കാരണമാകും. ഇത് വലിയ ദോഷം വരുത്താതിരിക്കണമെങ്കിൽ ഇവിടെയും പലിശ കൂടണം. അതുകൊണ്ടാണു കഴിഞ്ഞ യോഗത്തിൽ റിസർവ് ബാങ്ക് റീപോ നിരക്ക് കൂട്ടിയത്.
ഫെഡ് ഇപ്പോഴത്തെ വർധനകൊണ്ട് നിൽക്കില്ലെന്നാണു സൂചന. ഡിസംബറിനു മുന്പ് ഒരു തവണകൂടി പലിശ കാൽ ശതമാനം വർധിപ്പിക്കുമെന്ന് പരക്കെ കരുതുന്നു. അതു മുൻകൂട്ടിക്കണ്ട് ഓഗസ്റ്റിൽ റിസർവ് ബാങ്ക് പലിശ കൂട്ടേണ്ടിവരും. ചില്ലറ വിലക്കയറ്റത്തിലെ വർധന അതിനു പ്രേരണയുമാകും.
ഇതിനിടെ രൂപയുടെ വില പിടിച്ചുനിർത്താനും പലിശ കൂട്ടിയേ മതിയാകൂ എന്നായിട്ടുണ്ട്. ഏപ്രിലിൽ രൂപയെ താങ്ങിനിർത്താൻ 248 കോടി ഡോളറാണു റിസർവ് ബാങ്ക് വിറ്റത്. മേയിൽ അതിനേക്കാൾ വളരെക്കൂടുതൽ ഡോളർ വില്ക്കേണ്ടിവന്നു. പലിശനിരക്ക് ഉയരുമെന്ന പ്രതീക്ഷയുണ്ടെങ്കിൽ വിദേശികൾ പെട്ടെന്നു പണം പിൻവലിക്കില്ല. അതും പലിശവർധനയ്ക്കു പ്രേരണയാകും.
ഇതിനിടെ, പാക്കിസ്ഥാനിലെ രൂപയ്ക്കു വലിയ വിലയിടിവുണ്ടായത് ഇന്ത്യയെയും വിഷമിപ്പിക്കും. ഡിസംബറിനു ശേഷം പാക് രൂപയുടെ വില 14 ശതമാനം ഇടിഞ്ഞു. ഇപ്പോൾ ഡോളറിനു 120 പാക് രൂപ കിട്ടും. ഇന്ത്യ-പാക് വാണിജ്യം ഇപ്പോൾ കുറവായതാണ് ഇന്ത്യക്ക് ആശ്വാസം. ഇന്ത്യൻ രൂപയുടെ വില ഇന്നലെയും താണു. ഡോളറിനു 16 പൈസ കൂടി 67.65 രൂപയായി.