കൊച്ചി: ശബരിമല സ്പെഷൽ സർവീസുകളിൽ സ്ത്രീകൾക്കു യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നു കെഎസ്ആർടിസി. ഇത്തരം നടപടി ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനമാവുമെന്നും ഇങ്ങിനെയുള്ള വിവേചനം പൊതുഗതാഗത സംവിധാനത്തിൽ ഏർപ്പെടുത്താൻ കഴിയില്ലെന്നും കെഎസ്ആർടിസി ഹൈക്കോടതിയിൽ അറിയിച്ചു.
ശബരിമല സ്പെഷൽ സർവീസുകളിൽ സ്ത്രീകളെ കയറ്റരുതെന്നും ഇത്തരം സർവീസുകളിൽ ഉയർന്ന നിരക്ക് ഈടാക്കരുതെന്നും ആവശ്യപ്പെട്ട് സെന്റർ ഫോർ കണ്‍സ്യൂമർ എഡ്യൂക്കേഷൻ നൽകിയ ഹർജിയിലാണു കെഎസ്ആർടിസിയുടെ വിശദീകരണം.
തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകളിൽ ഇത്തരം വിവേചനങ്ങളില്ലാതെ ഭക്തർ ശബരിമലയിൽ എത്തുന്നുണ്ടെന്നു കെഎസ്ആർടിസി ഡെപ്യൂട്ടി ലോ ഓഫീസർ പി.എൻ. ഹേന സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.