കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സഖറിയാസ് കുതിരവേലി രാജിവച്ചു. അടുത്ത പ്രസിഡന്റ് ആരെന്ന് ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് സഖറിയാസ് കുതിരവേലി പറഞ്ഞു. വൈസ് ചെയർപേഴ്സണ്‍ മേരി സെബാസ്റ്റ്യൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരും തൽസ്ഥാനങ്ങൾ രാജിവച്ചു.
കേരള കോണ്‍ഗ്രസ് എം യുഡിഎഫിൽ തിരിച്ചെത്തിയതോടെ കോണ്‍ഗ്രസുമായുള്ള മുൻ ധാരണപ്രകാരമാണു രാജി സമർപ്പിച്ചത്. കഴിഞ്ഞ വർഷം മേയ് മൂന്നിനാണു സഖറിയാസ് കുതിരവേലി പ്രസിഡന്റായി ചുമതലയേറ്റത്. കോണ്‍ഗ്രസിലെ സണ്ണി പാന്പാടി പുതിയ പ്രസിഡന്റാകും.
കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സഖറിയാസ് കുതിരവേലി എന്നിവർ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് രാജിസമർപ്പിച്ചത്. കേരള കോണ്‍ഗ്രസിന് ഇനി ഒന്നര വർഷം കൂടി ബാക്കിയുണ്ടെന്ന് സഖറിയാസ് കുതിരവേലി പറഞ്ഞു.
അവസാനവർഷം കേരള കോണ്‍ഗ്രസ് പ്രതിനിധി തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കും. കോണ്‍ഗ്രസ് ഇനിയുള്ള ഒരു വർഷം പ്രസിഡന്റ് സ്ഥാനം വഹിക്കും. കേരള കോണ്‍ഗ്രസിന്റെ സ്ഥാനാർഥി ആരാണെന്നതു പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും സഖറിയാസ് കുതിരവേലി പറഞ്ഞു.
സിപിഎം പിന്തുണയോടെ നേടിയ സ്ഥാനമാനങ്ങൾ രാജിവയ്ക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസ് നേതൃത്വത്തോട് അനൗദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവുമാണു കേരള കോണ്‍ഗ്രസ് രാജിവച്ചത്.
മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സണ്ണി പാന്പാടി, ബെറ്റി റോയി, ശശികല നായർ എന്നിവരും അടുത്ത ദിവസങ്ങളിൽ രാജിവയ്ക്കും. ജൂലൈ അഞ്ചിനും 10നുമിടയിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ നടക്കും.