ആലപ്പുഴ: ഒൗദ്യോഗിക കാലയളവിനുള്ളിൽ വകുപ്പിന് ബാധ്യത വരുത്തിയിട്ടില്ലെന്നുള്ള സർട്ടിഫിക്കറ്റ് (നോണ് ലയബിലിറ്റി സർട്ടിഫിക്കറ്റ്) ലഭിക്കാത്തതുമൂലം വിരമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. കഴിഞ്ഞ ഫെബ്രുവരി മുതൽ വിരമിച്ച ഉദ്യോഗസ്ഥർക്കാണ് ഗ്രാറ്റുവിറ്റി, ലീവ് സറണ്ടറടക്കമുള്ള ആനുകൂല്യങ്ങൾ ബാധ്യതാ സർട്ടിഫിക്കറ്റ് ട്രഷറിയിൽ ഹാജരാക്കാത്തതുമൂലം ലഭിക്കാത്തത്.
ഉദ്യോഗസ്ഥർ റിട്ടയർ ചെയ്യുന്നതിന് മുന്പുതന്നെ പെൻഷൻ ആനൂകൂല്യങ്ങൾക്കുള്ള തുക ട്രഷറിയിൽ എത്തിച്ചേരുമെങ്കിലും വിവിധ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് സമർപ്പിച്ചതിനുശേഷമാണ് തുക പെൻഷൻകാരന് നൽകുന്നത്.
വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ റിട്ടയർ ചെയ്ത സ്റ്റേഷനിൽ നിന്നും സർവീസിന്റെ അവസാന മൂന്നുവർഷം കണക്കാക്കി ബാധ്യതയില്ലായെന്ന സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കായി രേഖകൾ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ ബന്ധപ്പെട്ട വിഭാഗത്തിൽ നൽകിയിട്ടുണ്ടെങ്കിലും ഇവിടെ നിന്നും സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിലുണ്ടായ താമസമാണ് ഉദ്യോഗസ്ഥർക്ക് വിനയായിരിക്കുന്നത്.
ഇവിടെ നിന്നും സർട്ടിഫിക്കറ്റ് ട്രഷറിയിലെത്തിയെങ്കിൽ മാത്രമേ ലീവ് സറണ്ടടക്കമുള്ള ആനുകൂല്യങ്ങൾ ലഭ്യമാകൂ. ഗ്രാറ്റുവിറ്റയും ലീവ് സറണ്ടറുമടക്കം ലക്ഷങ്ങളാണ് ഉദ്യോഗസ്ഥർക്ക് ലഭിക്കാനുള്ളത്. മാസങ്ങളോളം തുക ഇത്തരത്തിൽ ട്രഷറിയിൽ കിടക്കുന്നതോടെ പലിശയിനത്തിൽ മാത്രം പതിനായിരങ്ങളാണ് പലർക്കും നഷ്ടമാകുന്നത്.
ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലെത്തി പെൻഷനായ ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കുന്പോൾ നടപടികളായിട്ടുണ്ടെന്നും തുക ഉടൻ അക്കൗണ്ടിലെത്തുമെന്ന മറുപടിയാണ് ലഭിക്കുന്നതെങ്കിലും മാസങ്ങളായി ഇവർ ഓഫീസിൽ കയറിയിറങ്ങുന്നതല്ലാതെ നടപടിയൊന്നുമായിട്ടില്ല.
രണ്ടുവർഷങ്ങൾക്ക് മുന്പ് ഇത്തരത്തിൽ ഓഫീസിലെ ലീവ് സംബന്ധമായ കാര്യങ്ങൾ നോക്കുന്ന വിഭാഗത്തിലെ അനാസ്ഥമൂലം പെൻഷൻ ലഭിക്കാതെ വന്ന ഉദ്യോഗസ്ഥൻ കോടതിയെ സമീപിക്കുകയും പെൻഷൻ വൈകിപ്പിച്ച ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ പിഴയടക്കമുള്ള നടപടി കോടതി വിധിക്കുകയും ചെയ്തിരുന്നു.
കോടതിയിൽ പോയാൽ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കാലതാമസമുണ്ടാകുമല്ലോയെന്നോർത്താണ് പലരും ഇതിന് തയാറാകാത്തത്. എന്നാൽ ഉദ്യോഗസ്ഥരുടെ അലംഭാവം തുടരുകയാണെങ്കിൽ കോടതിയെ സമീപിക്കേണ്ടിവരുമെന്ന നിലപാടിലാണ് റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരിൽ പലരും.