ഹരിപ്പാട്: ക്ഷേത്രക്കുളങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി താലൂക്ക് സമിതി നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ഇന്ന് രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ ഹരിപ്പാട് നഗരസഭ പരിധിയിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മാങ്കാംകുളങ്ങര ക്ഷേത്രക്കുളത്തിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലും സമാനമായ രീതിയിൽ ഈ കുളത്തിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു. പാതിരംകുളങ്ങര, നഗരി, മണിമംഗലം, കോളാത്ത് ക്ഷേത്രക്കുളങ്ങളിൽ ഉൾപ്പെടെ കഴിഞ്ഞ ഒരു വർഷത്തിനിടെ ഏഴോളം കുളങ്ങളിൽ മാലിന്യം തള്ളിയിട്ടുണ്ട്. എന്നാൽ ഒരു സംഭവത്തിലും കുറ്റവാളികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ ക്ഷേത്ര ഭാരവാഹികളും, ഭക്തരും പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് വൈകുന്നേരം ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.