പന്തളം: അഞ്ച് വർഷത്തിനുള്ളിൽ എട്ട് സെക്രട്ടറിമാർ. രണ്ടു പേർ മാറിയത് നടപടി നേരിട്ടും. ഒടുവിൽ നടന്ന ഏരിയ സമ്മേളനത്തിൽ ഒദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട ആളിനും മാറ്റം. പകരമെത്തിയയാൾ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായി. തത്കാലം ചുമതല ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കും. പന്തളത്തെ സിപിഎം ഏരിയാ സെക്രട്ടറിമാർ വാഴാത്ത ചരിത്രം ഇങ്ങനെ നീളുന്നു.
ഇതിനൊക്കെ പുറമെ പാർട്ടി നേതൃത്വം നല്കുന്ന നഗരസഭാ ഭരണസമിതിയെ സംബന്ധിച്ച ആക്ഷേപങ്ങളും വ്യാപകമായതോടെ പന്തളത്തെ സിപിഎം നേതൃത്വം പിരിമുറുക്കത്തിലെന്ന് സൂചന.2013ലാണ് കെഎസ്ആർടിസി റോഡിന് വശത്തെ കെട്ടിടം വാങ്ങി ഓഫീസ് തുടങ്ങിയത്. 30 ലക്ഷത്തിലധികം മുടക്കി വാങ്ങിയ കെട്ടിടം അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
ഡി.രവീന്ദ്രനായിരുന്നു അന്ന് ഏരിയ സെക്രട്ടറി. 2001 മുതൽ സെക്രട്ടറി സ്ഥാനത്ത് തുടർന്ന് വന്ന അദ്ദേഹം പുതിയ ഓഫീസ് തുടങ്ങി ആറ് മാസങ്ങൾ പിന്നിട്ടപ്പോൾ നടപടിക്ക് വിധേയനായി തരംതാഴ്ത്തപ്പെട്ടു. പിന്നീട് കോഴഞ്ചേരിയിൽ നിന്നുള്ള ബാബു കോയിക്കലേത്തിന് താത്കാലിക ചുമതല നല്കി. തുടർന്ന് നടന്ന ഏരിയ സമ്മേളനത്തിൽ കെ.ആർ.പ്രമോദ്കുമാർ സെക്രട്ടറിയായി.
കോഴഞ്ചേരിയിലെ ഒരു പ്രാദേശിക നേതാവ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് അഭിഭാഷകൻ കൂടിയായ പ്രമോദ്കുമാർ കോടതിയിൽ നടത്തുന്നതിൽ അലംഭാവം കാട്ടിയെന്ന പരാതിയിൽ പ്രമോദ്കുമാറിനെ പുറത്താക്കി. പിന്നീട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും അടൂർ സ്വദേശിയുമായ റ്റി.ഡി.ബൈജു സെക്രട്ടറി പദത്തിലെത്തി. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിന് ശേഷം ബൈജുവിനെ മാറ്റി ആർ.തുളസീധരൻപിള്ളയെ നിയോഗിച്ചു.
കഴിഞ്ഞ നവംബറിൽ നടന്ന ഏരിയ സമ്മേളനത്തിൽ മുതിർന്ന അംഗമായ കെ.പി.സി.കുറുപ്പിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയുടെ സമവായ നിർദേശത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ, മുന്പ് താലൂക്ക് കമ്മിറ്റി നിലവിലുള്ള കാലയളവിൽ നാല് തവണ സെക്രട്ടറിയായിരുന്നുവെന്ന പരാതി പൊന്തി വന്നു. അങ്ങനെ പാർട്ടി പ്രാദേശിക ഘടകത്തിന്റെ പരാതിയെ തുടർന്ന് അദ്ദേഹത്തെ മാറ്റി. പകരം, മുന്പ് ഏരിയ സെക്രട്ടറിയായിരിക്കെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത പ്രമോദ്കുമാറിനെ സെക്രട്ടറിയാക്കി.
ഫെബ്രുവരിയിലായിരുന്നു ഇത്. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം വിശ്രമത്തിലായതോടെ പന്തളം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന ഇ.ഫസിലിന് സെക്രട്ടറി സ്ഥാനം നല്കി. അഞ്ച് വർഷങ്ങൾക്കുള്ളിലാണ് സെക്രട്ടറി സ്ഥാനത്ത് ഇത്രയും മാറ്റംമറിച്ചിലുകൾ എന്നതാണ് പാർട്ടിയിൽ ചർച്ചയായത്. പൊതുവെ പാർട്ടിയിൽ സമ്മതനായ ഇ.ഫസിൽ തന്നെ സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള സാധ്യതയാണുള്ളത്, മറ്റ് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ.
നഗരസഭാ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് പാർട്ടി നേതൃത്വത്തിന് ഏറെ പഴികേൾക്കേണ്ട ി വരുന്നെന്നാണ് പൊതു വിമർശനം. സെക്രട്ടറി സ്ഥാനത്ത് അടിക്കടിയുണ്ടാവുന്ന സ്ഥാനചലനങ്ങൾക്കൊപ്പം വികസന വിഷയത്തിൽ നഗരസഭാ ഭരണസമിതി സൃഷ്ടിക്കുന്ന തലവേദനകളും നേതൃത്വത്തെ അലട്ടുന്നുവെന്നാണ് പുറത്തെ ചർച്ചകൾ.