പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യായാമത്തിന്റെ വീഡിയോയ്ക്ക് ട്രോളുകളുടെ പെരുമഴ. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തുകൊണ്ട് ഇന്നലെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വ്യായാമത്തിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയെയും ചിത്രങ്ങളെയുമാണ് ട്രോളന്മാർ ഏറ്റെടുത്തത്.
കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്തതുപോലെ താൻ കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയെയും ടേബിൾ ടെന്നീസ് താരം മാണിക ബത്രയെയും വെല്ലുവിളിക്കുന്നതായും മോദി ട്വിറ്ററിൽ പറഞ്ഞിരുന്നു. ഇതിനു കർണാടക മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ട ിൽ നിന്ന് കുമാരസ്വാമി നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
എന്റെ ആരോഗ്യം സംബന്ധിച്ചു താങ്കൾക്ക് ഇത്രയും ഉത്കണ്ഠ ഉണ്ടെന്നറിഞ്ഞതിൽ വളരെയധികം സന്തോഷം. ഫിസിക്കൽ ഫിറ്റ്നസ് എല്ലാവർക്കും അത്യാവശ്യമാണെന്ന് തന്നെയാണു ഞാനും വിശ്വസിക്കുന്നത്. യോഗയും ട്രെഡ്മില്ലും എന്റെ ഡെയ്ലി വർക്കൗട്ടിന്റെ ഭാഗവുമാണ്.
എന്നാൽ, ഇപ്പോൾ എന്റെ ഉത്കണ്ഠ സംസ്ഥാനത്തിന്റെ വികസന ഫിറ്റ്നെസുമായി ബന്ധപ്പെട്ടാണ്. അതിന് താങ്കളുടെ എല്ലാവിധ സഹകരണവും പ്രതീക്ഷിക്കുന്നു എന്നായിരുന്നു കുമാരസ്വാമിയുടെ ട്വീറ്റ്.
രാവിലെ യോഗ ചെയ്യുന്ന തിനു പുറമെ പഞ്ചഭൂതങ്ങളായ പൃഥ്വി, അഗ്നി, ജലം, വായു, ആകാശം എന്നിവയെ പ്രതിനിധീകരിക്കുന്ന കൃത്രിമ ട്രാക്കിലൂടെ നടക്കുന്നുണ്ടെന്നും ഇതു മനസിനെ ശുദ്ധീകരിക്കുമെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്ര കായികമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡാണ് ഫിറ്റ്നസ് ചാലഞ്ച് തുടങ്ങിവച്ചത്.
ഇതിനു പിന്നാലെ കായികരംഗത്തും സിനിമാ രംഗത്തും ഉള്ള പ്രശസ്തർ ചലഞ്ച് ഏറ്റെടുത്ത് രംഗത്തുവന്നിരുന്നു. വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് തന്റെ വ്യായാമ ദൃശ്യങ്ങൾ ഉടൻ ട്വിറ്ററിലിടുമെന്നു പറഞ്ഞ മോദിക്കെതിരേ വിമർശനങ്ങളും പരിഹാസങ്ങളും അന്നേ ഉയർന്നിരുന്നു.
തൂത്തുക്കുടിയിൽ ഭരണകൂട ഭീകരതയിൽ 12 സമരക്കാരുടെ മരണത്തിൽ ഖേദം രേഖപ്പെടുത്തി ഒരു വരി പോലും എഴുതാൻ സമയമില്ലാത്ത പ്രധാനമന്ത്രിയാണ് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾക്കിടയിൽ ട്രെൻഡായ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നതെന്നും പരിഹാസം ഉയർന്നു.
രാജ്യത്തെ ഇന്ധനവില കുറയ്ക്കാൻ പ്രധാനമന്ത്രിക്കു നേരേ ഒരു ഫ്യുവൽ ചലഞ്ച് ഉയർത്തുന്നു എന്നാണു രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.