തൃപ്പൂണിത്തുറ: നഗരസഭാ കാര്യാലയത്തിന് സമീപം പ്രവർത്തിക്കുന്ന പൊതുമരാമത്ത് ഓഫീസ് കൊതുകുവളർത്തൽ കേന്ദ്രമായി മാറുന്നു. മഴ കനത്തതോടെ ഓഫീസ് സമുച്ചയത്തിനുള്ളിൽ കുട്ടിയിട്ടിരിക്കുന്ന ഒഴിഞ്ഞ ടാർവീപ്പകളിലും പഴയ ടയറുകളിലും മഴവെള്ളം നിറഞ്ഞ് കൊതുക് സംഭരണികളായി മാറിയിരിക്കുകയാണ്.
നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാത്തതിനാൽ പിഡബ്ല്യൂഡി ഓഫീസ് പരിസരം കാടുകയറിയ നിലയിലാണ്. മഴക്കാലം തുടങ്ങിയതോടെ നഗരത്തിൽ പലയിടങ്ങളിലും കാനകൾ പലതും തുറന്നും മലിനജലം കെട്ടികിടക്കുന്ന അവസ്ഥയിലുമാണുള്ളത്.
മലിനജലം കെട്ടിക്കിടന്ന് പകർച്ചവ്യാധികൾ പെട്ടെന്ന് പടർന്ന് പിടിക്കാൻ സാധ്യത ഉണ്ടായിരുന്നിട്ടും ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭയുടെയോ, ആരോഗ്യവകുപ്പിന്റേയോ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകുന്നില്ല എന്ന പരാതിയും ഉയരുന്നു. ശുചീകരണ പ്രവർത്തനങ്ങൾ പലതും പകുതി വഴിയിലാണെന്നും, പല വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടന്നിട്ടില്ലെന്നും കോൺഗ്രസ് കൗൺസിലർമാരും ആരോപിക്കുന്നു