കേരളത്തില്‍ കനത്ത മഴ തുടരുന്നു. നാടും റോഡും തോടുമെല്ലാം വെള്ളത്തിനടിയിലുമായി. നാട്ടില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. മുട്ടൊപ്പം വെള്ളമാണ് പലയിടങ്ങളിലും. വെള്ളക്കെട്ട് കാരണം ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയുമാണ്.
വെള്ളവും വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് നിരവധി രസകരമായ കാഴ്ചകളും ഇപ്പോള്‍ പുറത്തുവരികയാണ്. അക്കൂട്ടത്തിലൊന്നാണ് വെള്ളത്താല്‍ മുങ്ങിക്കിടക്കുന്ന ക്ഷേത്ര പരിസരത്ത് പൂജയ്ക്കായി തോണിയിലെത്തുന്ന പൂജാരിയുടെ ചിത്രങ്ങള്‍.
കനത്ത മഴയില്‍ മുങ്ങിയിരിക്കുകയാണ് കോട്ടയം വേളൂര്‍ പാറപ്പാടം ശ്രീ ഭഗവതി ക്ഷേത്രം. വെള്ളം കയറിയെന്ന് കരുതി നിത്യ പൂജ മുടക്കാനാവില്ലല്ലോ. അതിനാല്‍ തന്നെ കനത്തമഴയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട ക്ഷേത്ര ശ്രീകോവിലിലേക്ക് പൂജാരി എത്തിയത് ഓട്ടുരുളിയിലിരുന്ന് തുഴഞ്ഞാണ്. ക്ഷേത്ര കഴകക്കാരും ഇതേ രീതിയില്‍ തന്നെയാണ് ക്ഷേത്രത്തിനുള്ളില്‍ തന്നെ പലയിടത്തേയ്ക്കും നീങ്ങുന്നത്.
ക്ഷേത്രത്തിനുള്ളിലെ സാമഗ്രികള്‍ തന്നെയാണ് ഈ മഴക്കെടുതിയെ ചെറുക്കാന്‍ ക്ഷേത്ര ജീവനക്കാര്‍ ഉപയോഗിക്കുന്നത്. വലിയ ഓട്ടുരുളി തോണിയായും വലിയ ചട്ടുകം തുഴയാക്കിയുമാണ് ഇവര്‍ വെള്ളപ്പൊക്കത്തെ നേരിടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലിലെ ജലം മീനച്ചിലാറില്‍ വന്നു ചേര്‍ന്നതാണ് ഇവിടെ വെള്ളം കയറാനുണ്ടായ പ്രധാന കാരണം.