പത്തനാപുരം: അര്‍ഹതയുണ്ടായിട്ടും വീട് നല്‍കാത്ത അധികൃതരുടെ നടപടിക്കെതിരെ പഞ്ചായത്ത് പടിക്കല്‍ കഞ്ഞിവെച്ച് വീട്ടമ്മയുടെ പ്രതിഷേധം.അലിമുക്ക് ആനകുളം പട്ടയത്തില്‍ വീട്ടില്‍ സതി(45)യെന്ന വീട്ടമ്മയാണ് പിറവന്തൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മണ്കലത്തില് കഞ്ഞിവെച്ചത്.
ഏതു നിമിഷവും തകര്‍ന്നു വീഴാറായ വീട്ടിലാണ് ഇവരുടെ താമസം. മഴക്കാലമായതോടെ വീട് ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണ് . കഴിഞ്ഞ എട്ട് വര്‍ഷമായി ഒരു വീടിനായി കയറിയിറങ്ങിയിട്ടും അവഗണന മാത്രമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും ഭാഗത്തു നിന്നും ഉണ്ടായിട്ടുളളതെന്ന് സതി പറഞ്ഞു.
ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് തയ്യല്‍ ജോലി ചെയ്താണ് ഏക മകന്റെ വിദ്യാഭ്യാസവും കുടുംബചിലവുകളും നടത്തി വരുന്നത്. ആകെ മൂന്ന് സെന്റ് വസ്തുവാണ് ഇവര്‍ക്കുളളത്. കിണറോ ശൗചാലയമോ ഇല്ല. നിരവധി തവണ ഭവനത്തിന് അര്‍ഹതപ്പെട്ടവരുടെ പട്ടികയില്‍ പേര് വന്നങ്കിലും അവസാന നിമിഷം ഇല്ലാതായി.
അനര്‍ഹരായ പലരുടെയും അപേക്ഷ പരിഗണിച്ചെങ്കിലും താന്‍ തഴയപ്പെടുകയായിരുന്നെന്നും ഇവര്‍ പറയുന്നു. ഭവനത്തിനായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ സമീപിച്ചങ്കിലും ബ്ലോക്ക് ഡവലെപ്മെന്റ് ഓഫീസറും ബ്ലോക്ക് പ്രസിഡന്റും തന്നെ അപമാനിച്ചതായും സതി പറഞ്ഞു.
ഇനിയും അധികൃതരുടെ കണ്ണ് തുറന്നില്ലങ്കില്‍ പഞ്ചായത്തിന് മുന്പില് നിരാഹാര സമരം നടത്താനാണ് വീട്ടമ്മയുടെ തീരുമാനം.