സ്വന്തം ലേഖകൻ
തൃശൂർ: വ്യാജശാസ്ത്രങ്ങളേയും കെട്ടുകഥകളേയും അന്ധ വിശ്വാസങ്ങളേയും ശാസ്ത്ര സത്യങ്ങളെന്നു പ്രചരിപ്പിക്കാനാണു ബിജെപി ഭരണാധികാരികളും ആർഎസ്എസും ശ്രമിക്കുന്നതെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. റീജണൽ തിയേറ്ററിൽ ഇഎംഎസ് സ്മൃതി പ്രഭാഷണ പരന്പരയിൽ പ്രസംഗിക്കുകയായിരുന്നു കാരാട്ട്.വ്യാജശാസ്ത്രങ്ങളും അന്ധവിശ്വാസങ്ങളും ജനങ്ങളിൽ അടിച്ചേൽപിക്കുന്നത് ബിജെപിയുടേയും ആർഎസ്എസിന്േറയും ഹിന്ദുത്വ രാഷ്ട്രമെന്ന ആശയം അടിച്ചേൽപിക്കാനാണ്.
പാഠപുസ്തകങ്ങളിൽപോലും ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നു. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളും കണ്ടുപിടിത്തങ്ങളുമെല്ലാം തമസ്കരിക്കുന്നു. ആധുനിക ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങൾക്കു സർക്കാരുകൾ നീക്കിവച്ചിരുന്ന തുക ഭീമമായി വെട്ടിക്കുറച്ചു. ഗവേഷണത്തിനും ഗവേഷണ സ്കോളർഷിപ്പിനുമുള്ള തുക രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 0.8 ശതമാനമാക്കി വെട്ടിക്കുറച്ചു.
പകരം വ്യാജശാസ്ത്രങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കാനാണ് കൂടുതൽ തുക ചെലവാക്കുന്നത്. പുരാണങ്ങളിലും വേദശാസ്ത്രങ്ങളിലുമുള്ളവ യഥാർഥ ശാസ്ത്രമാണെന്നാണ് അവർ പ്രചരിപ്പിക്കുന്നത്. ബിജെപി ഭരിക്കുന്നിടത്തെല്ലാം സെക്രട്ടേറിയറ്റ് മന്ദിരങ്ങളും സർക്കാർ ഓഫീസുകളുമെല്ലാം പൊളിച്ചു പണിയുകയാണ്. ജ
നങ്ങൾക്കു സൗകര്യം വർധിപ്പിക്കാനല്ല, ഹിന്ദു വാസ്തു വിദ്യയനുസരിച്ചു നിർമിക്കണമെന്ന വിശ്വാസംകൊണ്ടാണ് ജനങ്ങളുടെ കോടിക്കണക്കിനു രൂപയുടെ നികുതിപ്പണം ഇങ്ങനെ ദുരുപയോഗിക്കുന്നത്. പശുക്കളും അവയുടെ ചാണകവും മൂത്രവും പാലും പഞ്ചഗവ്യമാണെന്നും അതെല്ലാം ശാസ്ത്രീയമാണെന്നുമാണ് അവർ പ്രചരിപ്പിക്കുന്നത്.
വിദ്വേഷത്തിന്േറയും കലാപത്തിന്േറയും രാഷ്ട്രീയമാണ് ബിജെപിയും ആർഎസ്എസും അടിച്ചേൽപിക്കുന്നത്.
ഇത്തരത്തിലുള്ള ഹിന്ദുത്വ പദ്ധതികളെ രാഷ്ട്രീയപരമായി മാത്രമല്ല, ജനങ്ങൾ സത്യം തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കണമെന്നു പ്രകാശ് കാരാട്ട് പറഞ്ഞു.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള, എം.ബി രാജേഷ് എംപി, പ്രഫ. കരാമകൃഷ്ണ ഭട്ടാചാര്യ, ഡോ. കാവുന്പായി ബാലകൃഷ്ണൻ, കെ.എം. അജിത്കുമാർ, ഡോ. ജിജു പി. അലക്സ്, ഡോ. ടി. ജയരാമൻ, ഡോ. ആർ. രാമസ്വാമി, പി.എസ്. നാരായണൻകുട്ടി എന്നിവർ പ്രസംഗിച്ചു.