കൊയിലാണ്ടി: ഫ്രാൻസിന്റെ ലോകകപ്പ് ഫുട്ബോൾ മത്സരംകാണാനായി കടുത്ത ആരാധകൻ പെരുവട്ടൂർ താ വോളി തൗഫീഖ് റഷ്യയിലെത്തി. ജൂൺ 16ന് ഫ്രാൻസും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം കാണാനായാണ് തൗഫീഖ് റഷ്യയിലെത്തിയത്. കസാൻ അറീന സ്റ്റേഡിയത്തിലാണ് മത്സരം.
45000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ 3.30നാണ് മത്സരം. മത്സരം കാണാൻ ടിക്കറ്റിനായി ഒരു വർഷം മുമ്പ് തന്നെ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു. എന്നാൽ ശ്രമം തുടർന്നു കൊണ്ടെയിരുന്നു. ഒടുവിൽ മാർച്ച് മാസത്തിലാണ് ഓൺലൈൻ മുഖേനെ ടിക്കറ്റ് ലഭിച്ചത്. 11-ാം തീയതി ഡൽഹിയിൽ നിന്ന് കസാക്കിസ്ഥാനിലേക്ക് പോയശേഷം, അവിടെ നിന്ന് റഷ്യയിലെത്തുകയായിരുന്നു.
ഇന്ത്യയിലെ ഫ്രാൻസ് ഫുട്ബോൾ ആരാധകരെ ഉൾപ്പെടുത്തി ഔദ്യോഗിക ആരാധക ഗ്രൂപ്പ് സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് തൗഫീഖ്. സിനദിൻ സിദാൻ എന്ന ഫ്രഞ്ച് ഫുട്ബോൾ താരത്തെ മനസിലാരാധിച്ച് തുടങ്ങിയതാണ് ഫ്രാൻസ് എന്ന രാജ്യം തൗഫീഖിന്റെ മനസിനെ കീഴടക്കിയത്. ബംഗളുരുവിൽ ജറ്റ് എയർവേഴ്സിൽ ഉദ്യോഗസ്ഥനാണ് തൗഫീഖ്.