തളിപ്പറമ്പ്: നാട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ സ്വകാര്യവ്യക്തി ടിപ്പര്‍ ലോറിയില്‍ മണ്ണുകടത്തി റോഡ് നശിപ്പിച്ചതായി പരാതി. പട്ടുവം പഞ്ചായത്തില്‍ കയ്യത്ത് നാഗത്തിനു സമീപത്തു നിന്നും കൂവോട് പഞ്ചളായിയിലേക്ക് എത്തിച്ചേരുന്ന റോഡാണു ചെളി നിറഞ്ഞു കാല്‍നടയാത്ര പോലും ദുഷ്കരമായി മാറിയത്.
ഈ മണ്പാതയില് മഴക്കാലമായാല്‍ യാത്ര പൊതുവെ ദുഷ്കരമാണ്. ഈ സമയത്ത് ഇതുവഴി വലിയ വാഹനങ്ങള്‍ പോകാനനുവദിക്കാറില്ല. കഴിഞ്ഞ ദിവസം ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്തു മണ്ണിടാനായി ടിപ്പര്‍ ലോറി നിരന്തരം പോയതോടെയാണു റോഡ് പൂര്‍ണമായും ചെളിക്കുളമായത്.
റോഡ് ചെളി നിറഞ്ഞതോടെ അര കിലോമീറ്റര്‍ ദൂരത്തിനു പകരം ഒന്നരകിലോമീറ്റര്‍ ചുറ്റി യാത്രചെയ്യേണ്ട അവസ്ഥയിലാണു നാട്ടുകാര്‍. വയലിനോടു ചേര്‍ന്നുളള പ്രദേശമായതിനാല്‍ മഴക്കാലമായാല്‍ വെളളം കെട്ടിനില്‍ക്കുന്നതു പതിവാണ്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മണ്ണിളകിവന്നു ചളിയായി ഗതാഗതയോഗ്യമല്ലാതായി മാറും. ഇതുകൊണ്ടാണ് ഈ സമയത്തു ടിപ്പര്‍ ലോറികള്‍ കൊണ്ടുപോകരുതെന്നു നാട്ടുകാര്‍ പറഞ്ഞത്.
എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ സ്വകാര്യ വ്യക്തി ടിപ്പര്‍ ലോറിയില്‍ മണ്ണ് കടത്തുകയായിരുന്നു. റോഡ് പൂര്‍ണമായും ചെളിനിറഞ്ഞു കാല്‍നടയാത്ര പോലും ദുഷ്ക്കരമായതോടെയാണു പ്രതിഷേധവുമായി നാട്ടുകാര്‍ വീണ്ടും രംഗത്തു വന്നു. കാല്‍നടയാത്ര പോലും ദുഷ്കരമായ റോഡ് നാട്ടുകാര്‍ പൂര്‍ണമായി അടച്ചിരിക്കുകയാണ്.
വിവരമറിഞ്ഞു പഞ്ചായത്ത് അധികാരികള്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ റോഡില്‍ പുതിയ മണ്ണിറക്കി ഗതാഗതയോഗ്യമാക്കണമെന്നു സ്വകാര്യവ്യക്തി ഉറപ്പുനല്കിയതോടെയാണു നാട്ടുകാര്‍ പിരിഞ്ഞുപോയത്.