തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് മാറ്റിയേക്കും. സുധേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ച സംഭവത്തെ തുടർന്നാണ് അദ്ദേഹത്തിനെതിരെ നടപടിക്ക് ഒരുങ്ങുന്നത്. പോലീസിനു പുറത്ത് നിയമനം നൽകാനാണ് ആലോചന.
എതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെയോ മറ്റോ തലവനായി ഡെപ്യൂട്ടേഷൻ നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ഇന്നു തന്നെ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം എഡിജിപിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി ക്യാന്പ് ഫോളോവേഴ്സ് രംഗത്തെത്തി. എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് വനിത ക്യാന്പ് ഫോളോവർ ആരോപിച്ചു. വീട്ടുജോലിക്കെത്താൻ വൈകിയതിന് മർദിക്കാൻ ശ്രമിച്ചു. തന്നെ പട്ടിയെക്കൊണ്ട് കടിപ്പിക്കണമെന്ന് എഡിജിപി ആവശ്യപ്പെട്ടുവെന്നും തന്റെ കുടുംബത്തെയടക്കം അപമാനിച്ചെന്നും ക്യാന്പ് ഫോളോവർ വെളിപ്പെടുത്തി.
എഡിജിപിയുടെ മകൾ മർദിച്ചുവെന്ന് ഗവാസ്കർ പരാതി നൽകിയതിനു പിന്നാലെയാണ് വനിതാ ക്യാന്പ് ഫോളോവർ രംഗത്തെത്തിയത്. എഡിജിപിയുടെ മകൾ സ്നിഗ്ധയുടെ മർദനത്തിൽ പരിക്കേറ്റ ഗവാസ്കർ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാവിലെ എട്ടോടെ കനകക്കുന്നിൽ വച്ചായിരുന്നു ഗവാസ്കർക്കു മർദനമേറ്റത്. രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഒൗദ്യോഗിക വാഹനത്തിൽ കനകക്കുന്നിൽ കൊണ്ടുപോയി. തിരികെ വരുന്പോൾ വാഹനത്തിലിരുന്നു സ്നിഗ്ധ ചീത്തവിളിക്കുകയായിരുന്നു. ഇതിനെ എതിർത്തു വണ്ടി റോഡിൽ നിർത്തിയതോടെ മൊബൈൽ ഫോണ് ഉപയോഗിച്ച് കഴുത്തിനു പിന്നിലിടിച്ചെന്നാണു ഗവാസ്കറിന്റെ പരാതി.
സ്നിഗ്ധ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവാസ്കർ പരാതി നൽകിയത്. എന്നാൽ ഗവാസ്കറിനെതിരെ അസഭ്യം പറയൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടി സ്നിഗ്ധ പരാതി നൽകിയിരുന്നു. ഇരുവരുടെയും പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.