കുമരകം: ഉറങ്ങിക്കിടന്ന മത്സ്യത്തൊഴിലാളി കുടുംബത്തിന്റെമേൽ വീട് തകർന്നു വീണു. കുടുംബാംഗങ്ങളെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തി. കുമരകം ഏഴാം വാർഡിൽ ചെമ്മായിക്കരി പാടത്ത് തുരുത്തേൽ താമസിക്കുന്ന ആറ്റുപുറത്ത് ജാനകി (74)യുടെ വീടാണ് വെള്ളപ്പൊക്കത്തിൽ തകർന്നു വീണത്. ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു അപകടം.
ജാനകിയും മകൻ സന്തോഷിന്റെ ഭാര്യ യമുനയും ചെറുമകൾ നന്ദനയും വീടിനുള്ളിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു അപകടം. സന്തോഷ് മത്സ്യ ബന്ധനത്തിനു പോകാൻ ഉണർന്നപ്പോഴായിരുന്നു വീട് തകർന്നു വീണത്. മേൽക്കൂരയും ഭിത്തിയും കുടുംബാംഗങ്ങളുടെ മേൽ വീണെങ്കിലും ആർക്കും ഗുരുതര പരിക്കേറ്റിട്ടില്ല.
തുരുത്തിൽ താമസിക്കുന്ന അയൽവാസികളെത്തി ഉടൻ നടത്തിയ രക്ഷാപ്രവർത്തനമാണ് പാവപ്പെട്ട കുടുംബത്തിന് തുണയായത്. പഞ്ചായത്തിൽ നിന്നും ഇവർക്ക് വീടു നിർമിച്ചു നൽകുമെന്ന് കുമരകം പഞ്ചായത്തു പ്രസിഡന്റ് എ.പി. സലിമോൻ പറഞ്ഞു.