ന്യൂഡൽഹി: കായികക്ഷമത തെളിയിക്കാൻ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ ക്ഷണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മറുപടിയുമായി ജെഡിഎസ്. കുമാരസ്വാമിക്കു പകരം അദ്ദേഹത്തിന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയെ ഫിറ്റ്നസ് ചലഞ്ചിനു വെല്ലുവിളിക്കാൻ മോദിക്ക് ധൈര്യമുണ്ടോയെന്ന് ജെഡിഎസ് ജനറൽ സെക്രട്ടറി ഡാനിഷ് അലി ചോദിച്ചു. ദേവഗൗഡയുടെ വ്യായാമ ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെയായിരുന്നു ജെഡിഎസിന്റെ വെല്ലുവിളി.
വീട്ടിൽ ഒരുക്കിയിരിക്കുന്ന ജിംനേഷ്യത്തിൽ മുൻ പ്രധാനമന്ത്രി വ്യായാമം ചെയ്യുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്. ട്രെഡ്മില്ലും ഡംബൽസും ഭാരോദ്വഹനവും ഉൾപ്പെടെ എല്ലാത്തരത്തിലുള്ള വ്യായാമ മുറകളും അദ്ദേഹം ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉപദേശം നൽകാനായി ദേവഗൗഡയ്ക്കു സ്ഥിരമായി ഒരു ഫിറ്റ്നസ് ട്രെയിനറുമുണ്ട്.
കേന്ദ്ര കായിക മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് തുടങ്ങിവെച്ച ഫിറ്റ്നസന് ചലഞ്ച് ഏറ്റെടുത്ത ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയാണ് മോദിയെ ചലഞ്ചിനു വിളിച്ചത്. കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് മോദി തൻറെ വ്യായാമ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്തതുപോലെ താൻ കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയെയും ടേബിൾ ടെന്നീസ് താരം മാണിക ബത്രയെയും വെല്ലുവിളിക്കുന്നതായും മോദി ട്വിറ്ററിൽ പറഞ്ഞു.
ഇതിനു കർണാടക മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് കുമാരസ്വാമി മോദിക്കു മറുപടി നൽകി. തന്റെ ഉത്കണ്ഠ സംസ്ഥാനത്തിന്റെ വികസന ഫിറ്റ്നസുമായി ബന്ധപ്പെട്ടാണെന്നും അതിന് താങ്കളുടെ എല്ലാവിധ സഹകരണവും പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു കുമാരസ്വാമിയുടെ മറുപടി. ഇതിനുപിന്നാലെയാണ് ദേവഗൗഡയുടെ വ്യായാമ ചിത്രങ്ങൾ പുറത്തായത്.