കരുളായി: കനത്ത പേമാരിയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചെത്തിയ ആനകുട്ടിയെ വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ആനക്കുട്ടിയെ നെടുങ്കയത്ത് പുഴയിലാണ് കണ്ടെത്തിയത്. ഉൾവന നിവാസികളായ നെടുങ്കയം കോളനിക്കാരാണ് ആനക്കുട്ടിയെ കരയ്ക്ക് കയറ്റിയത്. തുടർന്നു വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി ഒന്പതു മണിയോടെയാണ് ആനക്കുട്ടി ഒഴുകി വരുന്നതു കോളനി നിവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ആനക്കുട്ടിയെ രക്ഷിക്കാൻ കോളനിയിലെ യുവാക്കൾ രംഗത്തെത്തുകയും രാത്രി പതിനൊന്നരയോടെ ആനകുട്ടിയെ കരയ്ക്ക് കയറ്റുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ വനപാലകർ എത്തിയപ്പോഴേക്കും ആനക്കുട്ടി കാടുകയറി.
തുടർന്നു ഏറെ നേരം തെരഞ്ഞെങ്കിലും ആനക്കുട്ടിയെ കണ്ടത്താനായില്ല. പിറ്റേദിവസം രാവിലെ വീണ്ടും ആനക്കുട്ടിയെ നെടുങ്കയം കോളനിയോടു ചേർന്നു വനം വകുപ്പ് കണ്ടെത്തുകയായിരുന്നു. പിടിച്ചു കെട്ടാൻ ശ്രമിക്കുന്നതിനിടയിൽ പലവട്ടം ആന വെട്ടിച്ചോടി.
ഏറെ നേരത്തിനു ശേഷം ഉച്ചയോടെ ആനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ചെറുപുഴക്ക് മീറ്ററുകൾ അകലെ വച്ചു തളച്ചു. ഫോറസ്റ്റ് വെറ്ററിനറി സർജൻ നൗഷാദ് എത്തി ആനക്കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചു. ആരോഗ്യവാനാണെന്നു തിരിച്ചറിഞ്ഞതോടെ ആനക്കുട്ടിയെ നെടുങ്കയത്ത് ഉൾവനത്തിലെ ആനക്കൂട്ടത്തിലേക്കു വിട്ടയച്ചു.
മനുഷ്യ സ്പർശം ഏറ്റതിനാൽ ആനകൂട്ടം കുട്ടിയാനയെ കൂട്ടത്തിൽ ചേർക്കുമോയെന്നു കരുളായി റേഞ്ച് ഓഫീസർ കെ. രാകേഷിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ആനയ്ക്ക് ഒരു വയസ് തോന്നിക്കും.