ചാലക്കുടി: ലോകകപ്പ് ഫുട്ബോൾ ആവേശം മാമ്മോദീസാ വിരുന്നിലും പടർന്നു. ലയണ്‍സ് ഹാളിലാണ് അർജന്റീനയുടെ ജേഴ്സിയുടെ നിറപ്പകിട്ടിൽ മാമ്മോദീസ വിരുന്ന് നടത്തിയത്. അർജന്റീന ടീമിന്റെ കടുത്ത ആരാധകനായ മാള പള്ളിപ്പുറം ചക്കാലയ്ക്കൽ ആന്റണിയുടെയും ദീപയുടെയും ആദ്യപുത്രന്റെ മാമ്മോദീസ വിരുന്നാണ് കൗതുകമായത്. കുഞ്ഞിന്റെ പേര് പ്രശസ്ത ഫുട്ബോൾ താരം അർജന്റീനയുടെ ഗബ്രിയേൽ ബാറ്റിസ്റ്റയെ അനുസ്മരിക്കുന്ന ഗബ്രിയേൽ മാരിൻ എന്നാണ് നൽകിയിരിക്കുന്നത്.
മാമ്മോദീസ പാർട്ടി നടക്കുന്ന ലയണ്‍സ് ഹാൾ അർജന്റീനയുടെ ജേഴ്സിയുടെയും പതാകയുടെയും നിറത്തിലാണ് അലങ്കരിച്ചത്. ചടങ്ങിന്റെ ഭാഗമായി കേക്ക് മുറിക്കുന്നതിനു ഒരുക്കിയത് ഫുട്ബോളിന്റെ മാതൃകയിൽ ഉണ്ടാക്കിയ കേക്കായിരുന്നു. കൂടാതെ മേശകളും കസേരകളും മണ്ഡപവും എല്ലാം അർജന്റീന ജേഴ്സിയുടെ നിറത്തിൽ തിളങ്ങിനിന്നു.
ഭക്ഷണം വിളന്പുന്നവർ അർജന്റീനയുടെ ജേഴ്സിയണിഞ്ഞ് ഫുട്ബോൾ താരങ്ങളെപ്പോലെ ആയിരുന്നു. മാമ്മോദീസ വിരുന്നിൽ പങ്കെടുത്തവർ ലോകകപ്പ് ഫുട്ബോൾ കണ്ട അനുഭൂതിയിലാണ് മടങ്ങിയത്.