കായംകുളം(ആലപ്പുഴ): ഏതെങ്കിലുമൊരു പോലീസുകാരൻ കാണിക്കുന്ന തോന്ന്യവാസത്തിന്റെ പേരിൽ ചിലർ സർക്കാരിനെ അപ്പാടെ എതിർക്കുകയാണന്ന് മന്ത്രി ജി. സുധാകരൻ. ആഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രി പോലീസിന്റെ ഒരു കാര്യത്തിലും നേരിട്ട് ഇടപെടാറില്ലെന്നും അത് അദ്ദേഹത്തിന്റെ വലിയ ഗുണമാണെന്നും സുധാകരൻ പറഞ്ഞു.
രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് 5000 ക്രിമിനലുകൾ പോലീസ് സേനയിലുണ്ടെന്ന റിപ്പോർട്ട് അദ്ദേഹത്തിനു ലഭിക്കുന്നത്. അന്നു റിപ്പോർട്ട് വാങ്ങിവച്ചതല്ലാതെ അദ്ദേഹം നടപടിയെടുത്തില്ല. ഈ സർക്കാരിന്റെ കൈയിലും ആ റിപ്പോർട്ടുണ്ട്.
ക്രിമിനലുകളായ 5000 പേരിൽ കുറച്ചുപേർ മാത്രമാണ് കുഴപ്പക്കാരായിട്ടുള്ളത്. പോലീസ് സേനയിലുള്ള ക്രിമിനലുകൾ കുറ്റകൃത്യങ്ങൾ ചെയ്തു ശീലിച്ചവരും കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുമായി ബന്ധമുള്ളവരുമാണ്. അവരെല്ലാം ഇപ്പോൾ കുറച്ചു പത്തിമടക്കി. അവരെയെല്ലാം ഒറ്റയടിക്കു പുറത്താക്കുക സാധ്യമല്ല- സുധാകരൻ പറഞ്ഞു.
ആഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രി പോലീസിന്റെ ഒരു കാര്യത്തിലും നേരിട്ട് ഇടപെടാറില്ല. എസ്പിമാരെയും എസ്ഐമാരെയും നേരിട്ടു വിളിക്കാത്ത ആദ്യത്തെ മുഖ്യമന്ത്രിയാകും അദ്ദേഹം. അത് അദ്ദേഹത്തിന്റെ വലിയ ക്വാളിറ്റിയാണ്. ഡിജിപി വഴിയാണ് മുഖ്യമന്ത്രി ആവശ്യമുള്ളവരെ ബന്ധപ്പെടുന്നത്. സ്വന്തം ആവശ്യത്തിനും രാഷ്ട്രീയ താത്പര്യത്തിനും പോലീസിനെ ബന്ധപ്പെടാത്ത മുഖ്യമന്ത്രിയാണ് പിണറായിയെന്നും സുധാകരൻ പറഞ്ഞു.
ഏതെങ്കിലും പോലീസുകാരൻ കാണിക്കുന്ന തോന്ന്യവാസത്തിനു ചിലർ സർക്കാരിനെ എതിർക്കുന്നതിലൂടെ, കൊള്ളരുതായ്മ കാണിച്ചവർക്ക് സഹായം ലഭിക്കുകയാണ് ചെയ്യുന്നതെന്നും കായംകുളത്ത് ഒരു ചടങ്ങിൽ സംസാരിക്കവെ ജി.സുധാകരൻ പറഞ്ഞു.