കോട്ടയം: ബാങ്കിൽ നിന്നാണെന്നു തെറ്റിദ്ധരിപ്പിച്ച് ഫോണിലൂടെ എടിഎം കാർഡിന്റെ രഹസ്യ നന്പർ ചോർത്തി തോട്ടയ്ക്കാട്ടും വാകത്താനത്തും രണ്ടു പേരെ കബളിപ്പിച്ച് 68000 രൂപ തട്ടിയെടുത്ത സംഭവത്തെക്കുറിച്ച് വാകത്താനം പോലീസ് കേസെടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. തോട്ടയ്ക്കാട് സ്വദേശിയായ റിട്ട. അധ്യാപികയ്ക്ക്് 38000 രൂപ നഷ്ടമായി.
കഴിഞ്ഞ മാസം 25 നാണു് സഭവം. ബാങ്കിൽ നിന്നാണെന്നു പറഞ്ഞു റിട്ട. അധ്യാപികയുടെ ഫോണിലേക്കു ഒരു കോൾ വന്നു. വേരിഫിക്കേഷനു വേണ്ടിയാണെന്നും നിങ്ങളുടെ എടിഎം. കാർഡിലുള്ള പതിനാറക്ക നന്പർ പറഞ്ഞു നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് നന്പർ നൽകുകയും ചെയ്തു.
ഒടിപി നന്പറും മറ്റും ചോദിക്കാതിരുന്നതു കൊണ്ട് സംശയമൊന്നും തോന്നിയില്ല. എന്നാൽ പന്നീട് തന്റെ എസ്ബിഐ അക്കൗണ്ടിൽ നിന്ന് 38000 രൂപ പിൻവലിച്ചെന്ന സന്ദേശം ലഭിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലാക്കുന്നത്.
ഏഴു തവണയായാണ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത്. കഴിഞ്ഞ ദിവസം വാകത്താനം മണികണ്ഠപുരത്തുള്ളയാളെയും ഇതുപോലെ കബളിപ്പിച്ച് മുപ്പതിനായിരം രൂപ അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തു. രണ്ടു പേരെയും വിളിച്ചയാൾ ഇംഗ്ലീഷിലാണ് സംസാരിച്ചത്.