ചേർത്തല: കോടികളുടെ സ്വത്തുക്കൾക്ക് ഉടമയായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് തുടങ്ങും. നാർകോട്ടിക് സെൽ ഡിവൈഎസ്പി എ.നസീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കടക്കരപ്പള്ളി ആലുങ്കൽ ജംഗ്ഷൻ പത്മാനിവാസിൽ ബിന്ദുപത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുന്നത്.
ബിന്ദുവിന്റെ സഹോദരനായ പി.പ്രവീണ് കുമാർ 2017 സെപ്തംബറിലാണ് സഹോദരിയെ കാണാതായത് സംബന്ധിച്ച് ആഭ്യന്തര വകുപ്പിന് പരാതി നൽകിയത്. പോലീസ് അന്വേഷണം വൈകിയതിനെ തുടർന്ന് വിവിധ കോണുകളിൽ നിന്ന് ആക്ഷേപം ഉയർന്നിരുന്നു. പത്രവാർത്തകളെയും പ്രതിഷേധങ്ങളെയും തുടർന്നാണ് നിലച്ച അന്വേഷണം വീണ്ടും ആരംഭിച്ചത്. കുത്തിയതോട് സിഐ എം.സുധിലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയത്.
ബിന്ദു പദ്മനാഭന്റെ കോടികൾ വിലമതിക്കുന്ന വസ്തുക്കൾ വ്യാജ മുക്ത്യാർ ഉപയോഗിച്ച് വിൽപ്പന നടത്തിയതായും കബളിപ്പിക്കൽ നടന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അന്വേഷണം ചേർത്തല ഡിവൈഎസ്പി എ.ജി ലാലാണ് നടത്തുന്നത്. പള്ളിപ്പുറത്തെ വസ്തു ഇടനിലക്കാരൻ അമ്മാവൻ എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ, വ്യാജ മുക്ത്യാർ തയാറാക്കുന്നതിന് ഒപ്പിട്ട എരമല്ലൂർ സ്വദേശിനിയും ചേർത്തല മറ്റവന കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ജയ എന്നിവരെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു.
ഇവർ രണ്ട് പേരും ഇപ്പോൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇവർ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ അംഗങ്ങളെ ഇന്ന് ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്പി എ.നസീം പറഞ്ഞു. കേസിൽ ഉൾപ്പെട്ട ആരേയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.