ചെറായി: കുഴുപ്പിള്ളി ബീച്ചിൽ കുളിക്കുന്നതിനിടെ തിരമാലകളിൽപെട്ട് കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. അയ്യന്പിള്ളി തറവട്ടം കളത്തിൽ ലെനിന്റെ മകൻ അയ്യപ്പദാസ് (18), അയ്യന്പിള്ളി ജനതാ സ്റ്റോപ്പിനു പടിഞ്ഞാറ് നികത്തിൽ(വൈപ്പിപ്പാടത്ത് ) നൗഫിലിന്റെ മകൻ ആഷിക് (19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
അയ്യപ്പദാസിന്റെ മൃതദേഹം നായരന്പലം കടലിൽ രണ്ടു നോട്ടിക്കൽ മൈൽ പടിഞ്ഞാറായി ഇന്നു പുലർച്ചെ മറൈൻ എൻഫോഴ്സ്മെന്റിന്റെ തെരച്ചിൽ ബോട്ടാണ് കണ്ടെത്തിയത്. തൊട്ടുപിന്നാലെ ആഷിക്കിന്റെ മൃതദേഹം പുതുവൈപ്പ് എൽഎൻജി പദ്ധതിമേഖലയിൽ കടലിൽ മത്സ്യത്തൊഴിലാളികൾ കണ്ടെത്തി.
രണ്ടു മൃതദേഹങ്ങളും ഫോർട്ട് വൈപ്പിനിലെത്തിച്ച് തഹസിൽ ദാർ കെ.വി. അബ്രോസിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി പോസറ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും സംസ്കാരം ഇന്നു നടക്കും.
ശനിയാഴ്ച വൈകുന്നേരം സുഹൃത്തുക്കളുമൊത്ത് ബീച്ചിലെത്തിയതായിരുന്നു അയ്യപ്പദാസും ആഷിക്കും. കൂട്ടത്തിൽ ആഷിക്കിന്റെ സഹോദരി അഷിതയുമുണ്ടായിരുന്നു. തിരിച്ചു പോരാൻ നേരം ആഷിക് വീണ്ടും കടലിലിറങ്ങി. ഈ സമയം ശക്തമായ തിരമാലയിൽപെട്ട് മുങ്ങിയ ആഷികിനെ രക്ഷിക്കാൻ വേണ്ടി അയ്യപ്പദാസ് കടലിലേക്ക് ഇറങ്ങിയതോടെ രണ്ടുപേരും തിരയിൽപ്പെടുകയായിരുന്നു.
സംഭവം കണ്ട് കൂട്ടത്തിലുണ്ടായിരുന്ന പെണ്കുട്ടി ബോധരഹിതയായി വീണതോടെയാണ് അപ്പുറത്ത് മാറി കാറ്റാടി മരങ്ങൾക്കിടയിൽ വിശ്രമിച്ചിരുന്ന പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ വിവരമറിയുന്നത്. തുടർന്നു നാട്ടുകാരും പോലീസും ഫയർഫോഴ്സും എത്തി തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്തിയിരുന്നില്ല.
തെരച്ചിൽ നടത്താൻ വൈകിയതിൽ പ്രതിഷേധിച്ച് ക്ഷുഭിതരായ നാട്ടുകാർ ഇന്നലെ പള്ളത്താം കുളങ്ങരയിൽ രണ്ട് മണിക്കൂർ സംസ്ഥാന പാത ഉപരോധിച്ചിരുന്നു. പോലീസെത്തിയെങ്കിലും ക്ഷുഭിതരായ നാട്ടുകാർ പോലീസിനോട് തട്ടിക്കയറി. പിന്നീട് അടിയന്തിരമായി ഹെലികോപ്ടറും, ബോട്ടും എത്തിയതോടെയാണ് ഉപരോധം പിൻവലിച്ചത്. മരിച്ച അയ്യപ്പദാസിന്റെ മാതാവ്: സനൂജ, സഹോദരി: ശ്രീദേവി. ആഷിക്കിന്റെ മാതാവ്: ബീവി, സഹോദരി: അഷിത.