പത്തനാപുരം : കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ യുടെ വീട്ടിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പോലീസിന് നേരെ ആക്രമണം. കോണ്‍ഗ്രസ് , യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ തടഞ്ഞതിനെ തുടര്‍ന്ന് കൊടികെട്ടിയ വടിയും പൈപ്പും ഉപയോഗിച്ച് പോലീസിനെ അടിക്കുകയായിരുന്നു.
മാര്‍ച്ച് സമാധാനപരമാണെന്ന് നേരത്തെ അറിയിച്ചതിനെ തുടര്‍ന്ന് ബാരിക്കേഡുകള്‍ ഒഴിവാക്കി കയര്‍ കെട്ടിയാണ് പ്രതിഷേധ മാര്‍ച്ച് പഞ്ചായത്ത് ജംഗ്ഷന് സമീപം പോലീസ് തടഞ്ഞത്. എന്നാല്‍ അപ്രതീക്ഷിതമായി പോലീസിന് നേരെ ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ അക്രമം അഴിച്ചു വിടുകയായിരുന്നു.
തെന്മല എസ്.ഐ പ്രവീണ്‍ കുമാറിനും പ്രാദേശിക മാധ്യമപ്രവര്ത്തകന് അനന്ദു തലവൂരിനുമാണ് പരിക്കേറ്റത്. കൊടി കെട്ടിയിരുന്ന പൈപ്പ് കൊണ്ടാണ് പ്രവീണിന് നെറ്റിയിൽ മര്‍ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കന്നതിനിടെ അനന്ദുവിനും പരിക്കേൽക്കുകയായിരുന്നു.
എന്നാല്‍ പോലീസ് തിരിച്ച് ലാത്തി വീശിയില്ല.സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെപിസിസി നിര്‍വാഹക സമിതിയംഗം സി ആര് നജീബ് ഉള്‍പ്പെടെ നൂറ്റിയന്‍പതോളം പേര്‍ക്കെതിരെ പത്തനാപുരം പോലീസ് കേസെടുത്തു.