മെട്രോയുടെ ഒന്നാം വാര്‍ഷികം ജനകീയമാക്കുന്നതിനായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) പ്രഖ്യാപിച്ച ഒരു ദിവസത്തെ സൗജന്യ യാത്രയ്ക്ക് മികച്ച പ്രതികരണം. രാവിലെ 11 വരെയുള്ള കണക്കുകള്‍ പ്രകാരം 30,000 പേരാണ് കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്തത്. വൈകുന്നേരത്തോടെ തിരക്ക് വര്‍ധിക്കുമെന്നും ഒരു ലക്ഷത്തിലധികം ആളുകള്‍ ഇന്ന് മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യുമെന്നുമാണ് കെഎംആര്‍എല്‍ കണക്കുകൂട്ടുന്നത്. രാത്രി പത്തിന് സര്‍വീസ് അവസാനിപ്പിക്കുന്നത് വരെയാണ് ഒരു ദിവസത്തെ സൗജന്യ യാത്ര (ഫ്രീ റൈഡ് ഡെ) പ്രയോജനപ്പെടുത്താന്‍ കഴിയുക.
2017 ജൂണ്‍ 19 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ കൊച്ചി മെട്രോ ഓടിത്തുടങ്ങിയതിന്റെ ഒന്നാം വാര്ഷികമാഘോഷമായാണു ‘ഫ്രീ റൈഡ് ഡേ’ എന്ന പേരില്‍ ഇന്ന് സൗജന്യ യാത്ര ഒരുക്കിയിട്ടുള്ളത്. പുലര്‍ച്ചെ വലിയ തിരക്ക് അനുഭവപ്പെടുന്നില്ലെങ്കിലും ഒന്‍പതോടെ കൂടുതല്‍ ആളുകള്‍ മെട്രോയില്‍ കയറാന്‍ എത്തി. ഇതുവരെ മെട്രോയില്‍ കയറിയിട്ടില്ലത്തവര്ക്കു സുവര്ണാവസരമെന്നാണു സൗജന്യ യാത്രയെ കെഎംആര്‍എല്‍ വിശേഷിപ്പിക്കുന്നത്.
സമീപ ജില്ലകളില്‍നിന്ന് ഉള്‍പ്പെടെയുള്ളവര്‍ പോലും മെട്രോ യാത്രയ്ക്കായി എത്തുമെന്നു തന്നെയാണ് കണക്കുകൂട്ടല്‍. സൗജന്യയാത്രയുമായി ബന്ധപ്പെട്ട് മെട്രോ സ്റ്റേഷനുകളില്‍ ഇന്നുമാത്രം പിഴകളൊക്കെ ഒഴിവാക്കിയിട്ടുണ്ട്. മെട്രോ സ്റ്റേഷനിലെത്തി ടിക്കറ്റ് കൗണ്ടറില്‍നിന്ന് പോകേണ്ട സ്ഥലത്തേക്ക് ടിക്കറ്റ് എടുക്കണം. എന്നാല്‍ പണം നല്‍കേണ്ടതില്ല. കോണ്‍കോഴ്സ് ഏരിയയിലേക്കുള്ള പ്രവേശന കവാടം തുറക്കാന്‍ ടിക്കറ്റിനു പുറത്തുള്ള ക്യൂ ആര് കോഡ് ഉപയോഗിക്കേണ്ടതിനാലാണിത്. ഇറങ്ങേണ്ട സ്റ്റേഷനിലും പതിവുപോലെ ടിക്കറ്റ് സ്കാന്‍ ചെയ്ത് പുറത്ത് കടക്കണം. കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് കാര്‍ഡ് സൈ്വപ്പ് ചെയ്തും ഉള്ളിലേക്ക് കടക്കാം. പക്ഷേ യാത്രയുടെ പണം കാര്‍ഡില്‍ നിന്ന് നഷ്ടമാകില്ല.
ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും പരിധിയില്ലാതെ യാത്ര ചെയ്യാം. സമയം കൂടുതല്‍ എടുത്തതിന്റെ പേരിലോ സ്റ്റേഷന് മാറി ഇറങ്ങേണ്ടിവരുന്നതിന്റെ പേരിലോ ഇന്ന് പിഴ നല്‍കേണ്ടിവരില്ല. സാധാരണ ഇറങ്ങേണ്ട സ്റ്റേഷന് കഴിഞ്ഞാണ് ഇറങ്ങുന്നതെങ്കില്‍ പുറത്തിറങ്ങാന്‍ അധിക നിരക്ക് നല്‍കണം. അതുപോലെ ടിക്കറ്റ് എടുത്ത് ഒന്നര മണിക്കൂറിനുള്ളില്‍ കോണ്‍കോഴ്സ് ഏരിയയില്‍ നിന്ന് പുറത്തിറങ്ങിയില്ലെങ്കിലും പിഴ നല്‍കേണ്ടിവരുമായിരുന്നു. ഇത്തരം പിഴയൊന്നും ഇന്ന് നല്‍കേണ്ടിവരില്ല.
ഇതിനു പുറമേ, തെരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കായി ലക്കി ടിപ്പ് മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ആകര്‍ഷകമായ സമ്മാനങ്ങളാണ് ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത്. ഉച്ചകഴിഞ്ഞു മൂന്നിന് ആലുവ സ്റ്റേഷനില്‍ നറുക്കെടുപ്പിലെ ഭാഗ്യവാനെ കണ്ടെത്തും. ആലുവ സ്റ്റേഷനില്‍ വലതുഭാഗത്തുള്ള പ്രവേശന കവാടവും ഇന്നു യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കും.