പരിക്കിനെത്തുടർന്ന് നീണ്ട നാളത്തെ വിശ്രമത്തിനുശേഷം ലോകകപ്പിനെത്തിയ ബ്രസീൽ താരം നെയ്മറിന് പുതിയ റിക്കാർഡ്! ഫൗൾ വഴങ്ങിയതിനാണ് റിക്കാർഡ് എന്നതാണ് രസകരം. 20 വർഷത്തിനിടെ ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ ഫൗൾ ചെയ്യപ്പെട്ട കളിക്കാരനെന്ന റിക്കാർഡാണ് ബ്രസീൽതാരത്തിനു ലഭിച്ചത്. നെയ്മറെ മാത്രം ലക്ഷ്യമിട്ട് 10 ഫൗളുകളാണ് സ്വിറ്റ്സർലൻഡ് കളിക്കാർ നടത്തിയത്. 1998 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ അലൻ ഷിയറെ ടൂണിഷ്യൻ താരങ്ങൾ 11 ഫൗളിന് ഇരയായിരുന്നു. അതിനുശേഷം ആദ്യമായാണ് ഒരു കളിക്കാരൻ ഇത്രയും ഫൗളിന് ഇരയാകുന്നത്.
2014ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കൊളംബിയയുടെ യുവാൻ സുനിഗയുടെ മാരക ഫൗളിൽ നെയ്മർക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ലോകകപ്പിലെ ശേഷിച്ച മത്സരങ്ങളെല്ലാം നഷ്ടമായി.
പാരി സാൻ ഷെർമയ്ൻ താരമായ നെയ്മറിന് ഫെബ്രുവരിയിൽ ലീഗ് മത്സരത്തിനിടെ പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ലോകകപ്പിനുണ്ടാകുമോയെന്ന ആശങ്കയും ഉണ്ടായി. എന്നാൽ, ശസ്ത്രക്രിയയക്ക് ശേഷം പരിക്ക് ഭേദമായി നെയ്മർ ലോകകപ്പ് ടീമിലെത്തി. സന്നാഹ മത്സരങ്ങളിലും കളിച്ചു. മത്സരത്തിൽ നെയ്മറിനു മികവിലെത്താനായില്ല. നെയ്മർ പന്തുമായി മുന്നേറുന്പോഴെല്ലാം സ്വിസ് പ്രതിരോധം ശക്തമായി നിലയുറപ്പിച്ചു. മാരകമായ ഫൗളിന് ഇരയാകേണ്ടിയും വന്നു.
ഇംഗ്ലണ്ട് 1966 ലോകകപ്പ് പെലെയെ ബൾഗേറിൻ പ്രതിരോധക്കാർ മാരകമായി ഫൗൾ ചെയ്തശേഷം ഒരു ബ്രസീലുകാരൻ നേരിട്ട മാരകമായ ഫൗളിനാണ് നെയ്മർ ഇരയായിരിക്കുന്നത്. അന്ന് പെലെയെ കളത്തിൽനിന്ന് എടുത്തുകൊണ്ടുപോകുകയായിരുന്നു. ആ പരിക്കിനെത്തുടർന്ന് ശേഷിച്ച മത്സരങ്ങൾ ബ്രസീൽ ഇതിഹാസത്തിനു നഷ്ടമായത് ചരിത്രം.