ആലപ്പുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാട്ടർ അഥോറിട്ടി പൈപ്പ് ലൈനുകളിൽ നിന്നും ലഭിക്കുന്നത് മലിനജലമെന്നാക്ഷേപം. നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെ പൈപ്പ് ലൈനുകളിലാണ് കലങ്ങിയ നിറത്തിലുള്ള വെള്ളം ലഭിക്കുന്നത്. ഇത്തരത്തിൽ പൈപ്പ് ലൈനുകളിലൂടെ വരുന്ന വെള്ളം മണിക്കൂറുകളോളം പാത്രത്തിൽ ശേഖരിച്ചുവച്ചാലും നിറത്തിന് മാറ്റമുണ്ടാകുന്നുമില്ല.
ആയിരങ്ങൾ മുടക്കി വാട്ടർ അഥോറിട്ടിയുടെ ഗാർഹിക കണക്ഷനെടുത്ത ഉപഭോക്താക്കളടക്കമുള്ളവർ ശുദ്ധജലത്തിനായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ആർഒ പ്ലാന്റുകളെയും സ്വകാര്യ ആർ ഒ പ്ലാന്റുകളെയും ആശ്രയിക്കേണ്ട അവസ്ഥയാണ്. ആലപ്പുഴ കുടിവെള്ള പദ്ധതി യാഥാർഥ്യമായതിനുശേഷം ഇതിനോടകം നിരവധിത്തവണ ഇത്തരത്തിൽ മലിനജലം പൈപ്പ് ലൈനുകളിലൂടെ ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടുണ്ട്.
പരാതിപ്പെടുന്പോൾ പലപ്പോഴും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അധികൃതർ തടിയൂരുകയാണ് പതിവ്. നഗരത്തിലെ ആർഒ പ്ലാന്റുകളിൽ പലതും പണിമുടക്കിയതോടെ മണിക്കൂറുകൾ കാത്തുനിന്ന് ശുദ്ധജലം ശേഖരിക്കേണ്ട അവസ്ഥയിലാണ് നഗരവാസികൾ.
കുടിക്കുന്നതിനും ഭക്ഷണം പാകംചെയ്യുന്നതിനും ശുദ്ധജലം ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് ബോധവത്ക്കരണം നടത്തുന്പോഴാണ് വാട്ടർ അഥോറിട്ടി പൈപ്പുകളിലൂടെ മലിനജലം നിർബാധം ഒഴുകുന്നത്. പതിറ്റാണ്ടുകൾക്ക് മുന്പ് സ്ഥാപിച്ച പൈപ്പ് ലൈനുകളിൽ പലതും തകരാറിലാണ്.
കാണകളിലൂടെയടക്കം കടന്നുപോകുന്ന പൈപ്പുലൈനുകളിലെ ഇത്തരം പൊട്ടലുകളിലൂടെ കടക്കുന്ന മലിന ജലമാണ് വാട്ടർ അഥോറിട്ടി വിതരണം ചെയ്യുന്ന ജലത്തിന്റെ നിറം മാറ്റത്തിന് കാരണമെന്നാണ് ജനങ്ങൾ പറയുന്നത്.