ആലപ്പുഴ: സിപിഎം ജില്ലാ സെക്രട്ടറിയേയും സെക്രട്ടറിയേറ്റംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനായുള്ള ജില്ലാ കമ്മറ്റിയോഗം ഇന്ന് നടക്കും. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ വൈകുന്നേരം നാലിന് നിലവിലെ സെക്രട്ടറിയേറ്റ് യോഗവും തുടർന്ന് ജില്ലാ കമ്മറ്റി യോഗവും നടക്കും.
പാർട്ടി സമ്മേളനത്തിനുശേഷം മാസങ്ങൾ പിന്നിട്ടെങ്കിലും ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചിരുന്നില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരണം വൈകിയത്. നിലവിൽ ജില്ലാ സെക്രട്ടറിയായ സജി ചെറിയാൻ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.
സജി ചെറിയാൻ സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ സംസ്ഥാന കമ്മറ്റിയംഗവും കയർ കോർപ്പറേഷൻ ചെയർമാനുമായ ആർ. നാസറാണ് ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. അദ്ദേഹം തന്നെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യതയേറെ.
നിലവിൽ സിഐടിയു ജില്ലാ സെക്രട്ടറിയായ ആർ. നാസർ സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടാൽ സിഐടിയു ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തേണ്ടിവരും. ഇതോടൊപ്പം കയർകോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തും പുതിയ ആൾ എത്തും.
11 അംഗ ജില്ലാ സെക്രട്ടറിയേറ്റിൽ പുതുമുഖങ്ങൾക്കും സാധ്യതയേറെയാണ്. നിലവിലെ സെക്രട്ടറിയേറ്റംഗങ്ങളിൽ നാലുപേരെ മാറ്റിയേക്കാനാണ് സാധ്യത. സംസ്ഥാന കമ്മറ്റിയംഗവും എംഎൽഎയുമായ സജി ചെറിയാനും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായേക്കും. കർഷക സംഘം, സിഐടിയു, ഡിവൈഎഫ്ഐ രംഗത്തുനിന്നുള്ളവർ പുതുതായി ജില്ലാ സെക്രട്ടറിയേറ്റിലേക്കെത്തിയേക്കും.