ക്രൈം ത്രില്ലര്‍ സിനിമ കണ്ട് ഭ്രാന്ത് മൂത്ത് 16കാരന്‍ മധ്യവയസ്‌കയുടെ ജീവനെടുത്തു ! കൊലപാതകം പോലീസ് കണ്ടെത്തിയതും ക്രൈം ത്രില്ലര്‍ സിനിമയെ അനുസ്മരിപ്പിക്കും വിധം; പ്രതിയെ തിരിച്ചറിഞ്ഞത് ഒരു ബട്ടണ്‍സില്‍ നിന്ന്…

കോഴിക്കോട്: തനിച്ചു താമസിച്ച മധ്യവയസ്‌കയെ കൊലപ്പെടുത്തിയ പ്രതിയിലേക്ക് പോലീസിനെ എത്തിച്ചത് ഉടുപ്പിലെ ബട്ടണ്‍സ്. അരക്കിണറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് പിടിയിലായത് വെറും 16 വയസ്സ് മാത്രം പ്രായമുള്ള പയ്യനെ. കേരളത്തെ ഞെട്ടിച്ച സംഭവത്തില്‍ സിനിമയെ വെല്ലുന്ന അന്വേഷണരീതിയില്‍ പ്രതിയുടെ സ്വഭാവസവിശേഷതകളും മാനറിസങ്ങളും പോലീസിനെ പോലും അമ്പരപ്പിച്ചു.

സംഭവദിവസം കൊലപാതകത്തിനിടയില്‍ പയ്യന്റെ ഷര്‍ട്ടില്‍ നിന്നും തെറിച്ചുവീണ ബട്ടന്‍സായിരുന്നു പോലീസിന് ആദ്യം പിടിവള്ളിയായത്. കുട്ടികളുടെ വസ്ത്രത്തില്‍ ഉപയോഗിക്കുന്ന തരം ബട്ടണാണെന്നതായിരുന്നു ആദ്യ നിഗമനം. ഇതോടെ വീടുമായി ബന്ധമുള്ള കൗമാരക്കാരനിലേക്ക് അന്വേഷണം എത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവിടെ പതിവായി വരാറുള്ള 16 കാരനെ ചോദ്യം ചെയ്തത്.

പണം കടം ചോദിക്കാന്‍ ചെന്ന പയ്യന്‍ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിച്ചതും ആമിന തടഞ്ഞതുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കത്തിയെടുത്ത് തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. ഇതിനിടെയുള്ള പിടിവലിക്കിടെ പയ്യന്റെ ഷര്‍ട്ടിലെ ബട്ടന്‍സ് തെറിച്ചു മുറിയില്‍ വീഴുകയായിരുന്നു. കത്തിക്കുത്തില്‍ ആമിനയുടെ കഴുത്തിലേറ്റ മുറിവില്‍ നിന്നും ചോരവാര്‍ന്ന് മരണം സംഭവിക്കുകയും ചെയ്തു.

തലയിലും മുഖത്തും കയ്യിലും പതിനഞ്ചോളം മുറിവുകള്‍ ഉണ്ടായിരുന്നു. കൊലയ്ക്ക് ശേഷം ഒരു പ്രൊഫഷല്‍ കില്ലറുടെ രീതിയില്‍ തെളിവ് നശിപ്പിക്കാനും 16 കാരന്‍ ശ്രമിച്ചു. കത്തി തുണിയില്‍ പൊതിഞ്ഞ് കയ്യില്‍ തന്നെ വെച്ചു. പോകുന്ന വഴിയില്‍ കുറ്റിക്കാട്ടില്‍ കളയുകയായിരുന്നു. രക്തം പുരണ്ട വസ്ത്രങ്ങള്‍ കത്തിച്ചു കളഞ്ഞു. അടിച്ചുമാറ്റിയ പണവുമായി ചെന്ന് പുതിയ വസ്ത്രങ്ങള്‍ വാങ്ങിയ ശേഷം ഒന്നും അറിയാത്ത പോലെ നടന്നു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ആമിനയെ ബന്ധുക്കള്‍ കണ്ടെത്തിയത്. കൊലപാതകത്തില്‍ അന്വേഷണം നടത്തിയ പോലീസ് ആദ്യം സംശയിച്ചത് ബന്ധുക്കളെയായിരുന്നു. ഇതിനിടയിലാണ് ബട്ടണ്‍സ് കിട്ടിയത്.

സംഭവം നടന്നതിനു ശേഷം സംശയിക്കാതിരിക്കാന്‍ കൗമാരക്കാരന്‍ ആമിനയുടെ വീടിന്റെ പരിസരത്ത് സാധാരണ പോലെ വന്നിരുന്നു. ആക്ഷന്‍ സിനിമയിലെ രംഗങ്ങളാണ് കൊലപാതകത്തിനും തെളിവു നശിപ്പിക്കലിനും പയ്യന് പ്രേരണയായത്.. പതിവായി ആമിനയില്‍ നിന്നും ചെറിയ തുകകള്‍ വാങ്ങാറുള്ള പയ്യന്‍ 20 രൂപ ചോദിച്ചാണ് അന്നെത്തിയത്. ആമിന പഴ്സ് എടുത്തുകൊണ്ടുവന്ന് പയ്യന്റെ മുന്നില്‍ വെച്ചു തന്നെയായിരുന്നു തുറന്നതും. ഇതിനിടയില്‍ 500 ന്റെ രണ്ടു നോട്ടുകള്‍ പറന്ന് നിലത്തു വീഴുകയായിരുന്നു. ഇതോടെയാണ് ബാഗ് തട്ടിപ്പറിച്ച് ഓടാന്‍ നോക്കിയത്.

ആഡംബരജീവിത ഭ്രമം തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചതും. മൂന്ന് അത്യാധുനിക മൊബൈല്‍ ഫോണുകള്‍ സ്വന്തമായിട്ടുളള പയ്യന്‍ ഇടുന്നതും ഉടുക്കുന്നതുമെല്ലാം വിലകൂടിയ പുതിയ വസ്ത്രങ്ങളായിരുന്നു. ഇതിനെല്ലാം പണം ബന്ധുക്കളില്‍ നിന്നും വാങ്ങിയിരുന്ന പയ്യന്‍ ആഡംബരം കൂടിയതോടെ ചില്ലറ മോഷണങ്ങളും പതിവാക്കി. സിനിമാഭ്രാന്തില്‍ ആക്ഷന്‍ സിനിമകള്‍ കാണാനാണ് കൂടുതല്‍ സമയം ചെലവിട്ടത്. സിനിമയിലെ രംഗങ്ങള്‍ കൂട്ടുകാര്‍ക്ക് മുന്നില്‍ ചെയ്തു കാണിക്കുകയും ചെയ്തിരുന്നു എന്നാണ് വിവരം.

Related posts