കോഴിക്കോട്: കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് 27ന് രാത്രി കോഴിക്കോട്ടെത്തും. 28ന് രാവിലെ മുതൽ ജൂലൈ രണ്ട് വരെയാണ് ബസ് കോഴിക്കോട്ട് പരീക്ഷണ ഓട്ടം നടത്തുക. ബസിന് നഗരത്തിലും സമീപ പ്രദേശങ്ങളിലുമെല്ലാം സർവീസ് ഉണ്ടാകും.
ആദ്യ ഘട്ടത്തിൽ ജില്ലയ്ക്ക് പുറത്ത് സർവീസ് നടത്തുന്നതിനെ കുറിച്ച് തീരുമാനമായിട്ടില്ല. ജില്ലയ്ക്കകത്ത് വിവിധ രൂട്ടുകളിലായിരിക്കും ആദ്യം സർവീസ് ആരംഭിക്കുക. ഇലക്ട്രിക് ബസ് ഓടേണ്ട റൂട്ടുകളുടെ കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. ലോ ഫ്ലോർ ബസിന്റെ അതേ ചാർജാണ് ഇലക്ട്രിക് ബസിലും ഈടാക്കുക.
35 സീറ്റുള്ള ബസിൽ നിരീക്ഷണ കാമറ, ജിപിഎസ് എന്നിവയുണ്ട്. ഇലക്ട്രിക് മോട്ടോറിലാണ് ബസ് ഓടുന്നത്. ചാർജ് ചെയ്യുന്നതിനായി താത്കാലിക സംവിധാനം ഡിപ്പോയിൽ ഒരുക്കിയിട്ടുണ്ട്. പരിക്ഷണ ഓട്ടം വിജയിച്ചാൽ കൂടുതൽ ബസുകൾ നിരത്തിലിറക്കാനാണ് കെഎസ്ആർടിസി തീരുമാനം.