തളിപ്പറമ്പ്: പട്ടാപ്പകൽ പഴയങ്ങാടിയിൽ നടന്ന ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട് മോഷ്ടാക്കൾ സഞ്ചരിച്ച സ്കൂട്ടർ തേടി അന്വേഷണസംഘം. ആക്സിസ് 125 കറുത്ത സ്കൂട്ടറിൽ മോഷ്ടാക്കൾ സഞ്ചരിക്കുന്ന സിസി ടിവി ദൃശ്യം ഇന്നലെ പോലീസ് പുറത്തുവിട്ടിരുന്നു. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ സുസൂക്കി ആക്സിസ് വാഹനങ്ങളുടെ ഷോറൂമുകളില്‍ നിന്ന് വണ്ടി വാങ്ങിയവരുടെ ലിസ്റ്റ് പോലീസ് പരിശോധിച്ചുവരികയാണ്.
ഇന്നലെ പുറത്തുവിട്ട സിസിടിവി ദൃശ്യം പോലീസ് വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. പോലീസ് അന്വേഷണം വഴിമുട്ടിയഘട്ടത്തിലാണ് ഇപ്പോല്‍ സിസിടിവി ദൃശ്യം പുറത്തുവിടാന്‍ തയറായതെന്ന് ആക്ഷേപമുണ്ട്. ഈയൊരു സിസിടിവി ദൃശ്യമല്ലാതെ മറ്റ് യാതൊരു തെളിവുകളും ഇതേവരെ കണ്ടെത്താനും പോലീസിന് കഴിഞ്ഞിട്ടില്ല.
സംഭവം നടന്നിട്ട് രണ്ടാഴ്ച്ചയാകാറായിട്ടും ഇരുട്ടില്‍ തപ്പിത്തന്നെയാണ് അന്വേഷണം നടക്കുന്നത്. ഇത്രയും സമര്‍ത്ഥമായ രീതിയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയവര്‍ രക്ഷപ്പെട്ട സ്കൂട്ടറും എവിടെനിന്നെങ്കിലും മോഷ്ടിച്ചതായിരിക്കാനും സാധ്യതയുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്.
കഴിഞ്ഞ എട്ടിന് ഉച്ചക്ക് നടന്ന മോഷണത്തേക്കുറിച്ച് കാര്യമായ തുമ്പുകളൊന്നും കണ്ടെത്താന്‍ സാധിക്കാത്ത പോലീസിനെതിരെയും വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്ന കാര്യവും പോലീസിന്റെ പരിഗണനയിലാണെന്നും സൂചനയുണ്ട്.