മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി ഒപി ബ്ലോക്കിലെ കസേരകൾ തെറിക്കുകയല്ല തകർന്നുവീഴുകയാണ്. ലക്ഷങ്ങൾ മുടക്കി വാങ്ങിയ പുത്തൻ കസേരകളാണ് ദിവസങ്ങൾക്കകം കേടുവന്ന് തകർന്നത്. ഒടിഞ്ഞ കസേരയിൽ നിന്ന് വീണ രോഗി പരിക്കേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം.
ഒപി ബ്ലോക്കിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിക്കാനായി സ്റ്റീൽ കോട്ടിംഗ് ഉള്ള കസേരകൾ ഏതാനും ദിവസം മുന്പാണ് മേടിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം ഈ കസേരകൾ കേടുവന്നു. മൂന്നുപേർക്കിരിക്കാൻ കഴിയുന്ന ഈ കസേരകളുടെ ഒരു സെറ്റിന് 36000 രൂപയാണ് വില. ഇത്തരത്തിലുള്ള നൂറ് സെറ്റ് കസേരകളാണ് ലക്ഷങ്ങൾ ചിലവിട്ട് വാങ്ങിക്കൂട്ടിയത്.
ഇക്കഴിഞ്ഞ മെയ് 22നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവിടത്തെ പല കസേരകളും തകർന്നു. കസേരകളുടെ ഗുണനിലവാരം കുറവായതാണ് ഇവ പെട്ടന്ന് തകരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. കേടുവന്ന കസേരകൾ എത്രയും വേഗം നന്നാക്കണമെന്ന് കരാറുകാരാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരിക്കുന്ന ഭാഗമാണ് കേടുവന്നിരിക്കുന്നത്.